പട്ടിയെ തൊട്ടു കളിക്കരുത്! കോടതിക്കുവരെ തലവേദനയായി ഒരു വിവാഹമോചനക്കേസ്; ഒടുവിൽ...
Friday, March 26, 2021 4:11 PM IST
വിവാഹമോചനക്കേസുകളിലെ നിലപാടുകളും വാശികളുമൊക്കെ പലപ്പോഴും കോടതിക്കുപോലും തലവേദനയായി മാറാറുണ്ട്.
കേൾക്കുന്പോൾ ചിലതൊക്കെ പലർക്കും തമാശയായി തോന്നും, ചിലതൊക്കെ അന്പരപ്പ് ഉളവാക്കും... സെലിബ്രിറ്റികളുടെ വിവാഹമോചനക്കഥകളും പലപ്പോഴും ഇങ്ങനെ വാർത്തകളിൽ നിറയാറുണ്ട്.
വിവാഹബന്ധം വേർപെടുത്തന്ന ദന്പതികൾക്കിടയിൽ സന്പത്തിനെച്ചൊല്ലിയുളള തർക്കവും പതിവാണ്. ഒരു വിവാഹ മോചനത്തോടെ കോടീശ്വരന്മാർ വരെ പാപ്പരായ കഥകൾ എത്രകേട്ടിരിക്കുന്നു.
മാക് മതി
എന്നാൽ, മാഞ്ചസ്റ്ററിലെ വേസ്ലിയിൽ നിന്നുള്ള റയാൻ ജിഗ്സ്- കേറ്റ് ഗ്രിവില്ലി ദന്പതികൾക്കിടയിൽ സന്പത്തൊന്നുമല്ല പ്രശ്നം.
പിന്നെയോ മാക് എന്ന വളർത്തു നായയാണ് പ്രശ്നക്കാരൻ. ബന്ധം വേർപിരിഞ്ഞു പോകുന്പോൾ ഇരുവർക്കും മാകിനെ കൂടെ കൊണ്ടുപോകണം. പലരുടെയും ജീവിതത്തിൽ കുട്ടികളുടെ കാര്യത്തിൽ പോലുമില്ലാതിരുന്ന തർക്കമാണ് പട്ടിയുടെ കാര്യത്തിൽ രൂക്ഷമായത്.
തർക്കം മൂത്ത് അവസാനം നായയെ രണ്ടായി മുറിക്കും എന്നുവരെയായി കാര്യങ്ങൾ. മാഞ്ചസ്റ്ററിൽ 16 കോടി രൂപ വിലയുളള മാളികയിലാണ് ഇരുവരും താമസിക്കുന്നതെങ്കിലും തർക്കം മുഴുവൻ ഈ നായക്കുട്ടിയുടെ പേരിലാണ്.
ഓമന നായ
റയാനും കെയ്റ്റും ആറു മാസം പ്രായമുളള മാക്കിനെ വളരെ ഓമനിച്ചാണ് വളർത്തിയത്. മാക്കിനോടുളള സ്നേഹം നിമിത്തം അവനു കൂട്ടായി മറ്റൊരു നായയെയും അവർ വാങ്ങിയിരുന്നു.
പക്ഷേ, ഇരുവർക്കും വേണ്ടത് മാക്കിനെയാണ്. കാരണം ഇരുവരുടെയും ജീവിതത്തിൽ മാക്ക് വളരെയധികം സന്തോഷം നല്കിയിരുന്നുവെന്നാണ് ഇരുവരുടെയും അവകാശവാദം. അതുകൊണ്ടാണ് പിരിയാൻ തീരുമാനിച്ചപ്പോൾ ഇരുവർക്കും നായയെ വേണമെന്ന വാശി തുടങ്ങിയത്.
ഈ സ്നേഹക്കൂടുതൽ കാരണമാണ് നായയെ രണ്ടായി മുറിച്ചെടുക്കാൻ വരെ തീരുമാനിച്ചതെന്നു മാത്രം. എന്തായാലും ഒടുവിൽ നായയെ രണ്ടായി മുറിക്കേണ്ടി വന്നില്ല തന്റെ കാമുകിയായ കേറ്റിനെയും മറ്റൊരു സ്ത്രീയെയും ഉപദ്രവിച്ചെന്ന പേരിൽ നാൽപത്തിയാറുകാരനായ റയാൻ പോലീസ് കസ്റ്റഡിയിലാണ്.
എന്തായാലും ഈ അവസരം മുതലാക്കി മുപ്പത്തിയാറുകാരി കേയ്റ്റ് നായയെയുംകൊണ്ട് സ്ഥലം വിട്ടിരിക്കുകയാണ്.