പശു തുണിക്കടയിലെ നിത്യ സന്ദർശക; ബിസിനസ് ഇരട്ടിയായെന്ന് ഉടമ
Tuesday, November 12, 2019 1:25 PM IST
പശു പതിവായി കട സന്ദർശിക്കുന്നത് കൊണ്ട് തന്റെ ബിസിനസ് ഉയർന്നെന്ന അവകാശവാദവുമായി കടയുടമ. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലാണ് അൽപ്പം വ്യത്യസ്തമായ സംഭവം നടക്കുന്നത്. പി. ഉബൈ എന്നയാളുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിലാണ് പശു എന്നും എത്തുന്നത്.
ശ്രീസായിറാം എന്നാണ് ഇയാളുടെ സ്ഥാപനത്തിന്റെ പേര്. കഴിഞ്ഞ ആറുമാസങ്ങളായി പശു എന്നും ഈ തുണിക്കടയിൽ വരും. കൂടാതെ ഫാനിന്റെ ചുവട്ടിൽ മണിക്കൂറുകളോളം ഇരുന്ന വിശ്രമിച്ചതിന് ശേഷമാണ് പശു മടങ്ങുന്നത്.
പശു കടയിൽ വന്ന് കിടന്നാൽ അത് ബിസിനസിനെ മോശകരമായി ബാധിക്കുമെന്ന് കരുതിയിരുന്നതായി ഉബൈ പറയുന്നു. എന്നാൽ അതിന് ശേഷം ബിസിനസ് കൂടിയതല്ലാതെ മോശകരമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന ഉബൈ പശു കടയിലെ ഒന്നും തന്നെ നശിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
ആദ്യം പശുകടയിലെത്തുമ്പോൾ അതിനെ ഓടിച്ചു വിടുവാൻ ശ്രമിച്ചിരുന്നുവെങ്കിലും അത് പോകുവാൻ കൂട്ടാക്കിയിരുന്നില്ല. മണിക്കൂറുകളോളം ഇവിടെ ചിലവിട്ടതിന് ശേഷമാണ് പശു മടങ്ങിയിരുന്നത്. പിന്നീട് ഉബൈ പശുവിനെ ഇവിടെ തുടരുവാൻ അനുവദിക്കുകയായിരുന്നു.