ഒളിച്ചോടിയ മകളുടെ ചരമ പോസ്റ്റർ പതിപ്പിച്ച് അമ്മ
Monday, August 19, 2019 1:14 PM IST
അയൽക്കാരനൊപ്പം മകൾ ഒളിച്ചോടിയതിനെ തുടർന്ന് മകളുടെ ചരമ പോസ്റ്റർ ഗ്രാമത്തിൽ പതിപ്പിച്ച് അമ്മ. തിരുനെൽവേലിയിലെ തിശയൻവിളയിലാണ് സംഭവം. 19കാരിയായ മകൾ അഭി അയൽവാസിയായ സന്തോഷ് എന്നയാൾക്കൊപ്പം ഒളിച്ചോടിയിരുന്നു. ഇതിൽ കലിപൂണ്ട അമ്മ അമരാവതി നാടുനീളെ മകളുടെ ചരമ പരസ്യം പതിപ്പിക്കുകയായിരുന്നു.
മൂന്ന് പെണ്മക്കളുള്ള അമരാവതിയുടെ ഭർത്താവ് നാല് വർഷം മുൻപ് മരണമടഞ്ഞിരുന്നു. അതിനു ശേഷം ഏറെ കഷ്ടപ്പെട്ടാണ് അമരാവതി മക്കളെ വളർത്തിയത്. ഓഗസ്റ്റ് 14നാണ് അഭിയുടെയും സന്തോഷിന്റെയും വിവാഹം നടന്നത്. അതിന് ശേഷം ഗ്രാമത്തിന്റെ നിരവധി സ്ഥലങ്ങളിലായി അഭിക്ക് ആദരാഞ്ജലി അർപ്പിച്ച് പോസ്റ്ററുകൾ കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ അമരാവതിയാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തിയത്. മഞ്ഞപ്പിത്തമാണ് അഭിയുടെ മരണകാരണമെന്നാണ് പോസ്റ്ററിൽ പറയുന്നത്. സന്തോഷ് അറിയിച്ചതനുസരിച്ച് പോലീസ് ഇവരെ ചോദ്യം ചെയ്തിരുന്നു.
മകൾ ഇങ്ങനെ ചെയ്തത് തനിക്ക് സഹിക്കുവാൻ സാധിക്കില്ലെന്നായിരുന്നു അമരാവതി പോലീസിനോട് പറഞ്ഞത്. സന്തോഷ് നേരത്തെ വിവാഹം ചെയ്തയാളാണ്. പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.