അടിച്ചു ഫിറ്റായി; റോഡ് ആണെന്നു കരുതി യുവതി കാറോടിച്ചത് റെയിൽവേ ട്രാക്കിലൂടെ
Thursday, November 19, 2020 6:55 PM IST
അൽപം മദ്യം അകത്തുചെന്നാൽ പിന്നെ ഏതൊരു ഭീരുവും ധീരനാകും. എന്നാൽ അളവ് കുറച്ചുകൂടിയാലോ? പിന്നെ പലർക്കും പല സ്വഭാവമാണ്. ചിലർ വസ്തുക്കളെ പലതായി കാണും, ചിലർ ഇല്ലാത്ത കാര്യം കാണും, കേട്ടിട്ടില്ലാത്തത് കേട്ടതായും പറയും... ഇങ്ങനെ പോകും പെരുമാറ്റ രീതികൾ.
മദ്യലഹരിയിലുള്ള ഒരു യുവതിയുടെ കാർ ഡ്രൈവിംഗ് വീഡിയോയാണ് ഇപ്പോൾ സ്പെയിനിലെ സംസാര വിഷയം. ലഹരിയിൽ മൂത്തതോടെ യുവതിക്ക് റോഡേതാ, തോടേതാ എന്നറിയാത്ത അവസ്ഥയിലെത്തി. ഒടുവിൽ റെയിൽവേ ട്രാക്കിലൂടെയായി യുവതിയുടെ കാർ ഡ്രൈവിംഗ്!
സ്പെയിനിലെ മലാഗയിലാണ് സംഭവം നടന്നത്. ഏകദേശം 1.5 കിലോമീറ്റർ യുവതി ട്രാക്കിലൂടെ കാർ ഓടിച്ചു എന്നാണ് പോലീസ് പറയുന്നത്. റോഡിലൂടെ വന്ന് ട്രാക്കിലേക്ക് പ്രവേശിച്ച കാർ ട്രാക്കിലൂടെ ഓടുന്ന വീഡിയോ വൈറലാണ്.
ഒരു ടണലിനു മുന്നിൽ മൂന്നു ടയറും പൊട്ടി കുടുങ്ങിയതിന് ശേഷമാണ് യുവതി കാർ നിർത്തിയത്. രക്തപരിശോധനയിൽ മദ്യത്തിന്റെ അളവ് അനുവദനീയമായതിലും മൂന്നു മടങ്ങായിരുന്നു.