സമൂഹ മാധ്യമങ്ങളില്‍ വൈറലായി വാരാണസിയിലെ പ്രേതം
Wednesday, September 28, 2022 12:41 PM IST
നിരവധി വീഡിയോകള്‍ ദിവസേന സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ടല്ലൊ. അവയില്‍ ചിലവ കാഴ്ചക്കാരെ ഭയപ്പെടുത്തുന്നത് ആയിരിക്കും. പ്രത്യേകിച്ച വീഡിയോ ദൃശ്യങ്ങള്‍ പ്രേതവുമായി ബന്ധപ്പെട്ടതാണെങ്കില്‍ പറയുക കൂടി വേണ്ട.
അത്തരത്തിലൊരു വീഡിയോയുടെ കാര്യമാണ് ബനാറേഷ്യന്‍സ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോയില്‍ വാരണാസിയിലെ ഒരു വീടിന്‍റെ മേല്‍ക്കൂരയില്‍ നടക്കുന്ന പ്രേതത്തിന്‍റെ കാഴ്ചയാണുള്ളത്.
വെളുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ ഈ പ്രേതം സമൂഹമാധ്യമങ്ങളില്‍ വൈറലായി. പോരാഞ്ഞ് പലരും പല ഭയപ്പെടുത്തുന്ന കഥകളും മെനഞ്ഞ് വിടുകയുണ്ടായി. അതോടെ പ്രദേശവാസികള്‍ രാത്രി പുറത്തിറങ്ങാത്ത അവസ്ഥയിലായി.
എന്നാല്‍ ഈ വീഡിയോ ഒരു വ്യാജ നിര്‍മാണമാണെന്ന് പിന്നീടാണ് പുറത്തറിഞ്ഞത്. പ്രാങ്ക് വീഡിയോകള്‍ പോലെയോ മറ്റൊ ചിലര്‍ ഒപ്പിച്ച വേലയാണത്രെ.
ഏതായാലും ഭേലുപൂര്‍ പോലീസ് വ്യാജ വീഡിയോയ്ക്ക് പിന്നിലുള്ളവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.