ദയാവധത്തിനു മുൻപൊരു ആലിംഗനം; ഹൃദയഭേദകമായ ചിത്രം നൽകിയത് പുതുജീവൻ
Thursday, May 12, 2022 3:13 PM IST
ഒരൊറ്റ ചിത്രം, അത് മാറ്റി മറിച്ചതൊ മരണമെന്ന വിധിയേയും! അമേരിക്കയിലുള്ള കാലാ, കെയ്റോ എന്നീ നായകളുടെ ജീവിതമാണ് ഒരൊറ്റ ഫോട്ടോ നിമിത്തം മാറിമറിഞ്ഞത്.
നായകളുടെ അഭയകേന്ദ്രത്തിലായിരുന്ന കാലയേയും കെയ്റയേയും അടുത്തദിവസം കൊല്ലാനായിരുന്നു അധികൃതരുടെ തീരുമാനം. എന്നാൽ അമേരിക്കയിൽ നായകൾക്കും പൂച്ചകൾക്കുമായി പ്രവർത്തിക്കുന്ന ’ഏഞ്ചൽസ് എമംഗ് യുഎസ് പെറ്റ് റെസ്ക്യു’ എന്ന സംഘടന ഈ നായകളുടെ കഥ ഫോട്ടോ സഹിതം പുറംലോകത്തെ അറിയിക്കുകയായിരുന്നു.
ഇരുമ്പ് കൂട്ടിൽ ഭയചകിതരായി കെട്ടിപ്പിടിച്ചിരിക്കുന്ന കെയ്റയുടെയും കാലയുടെയും ചിത്രമെടുത്തത് അഭയകേന്ദ്രത്തിലെ ഒരു ജീവനക്കാരൻ തന്നെയാണ്. ചിത്രം നിമിഷനേരം കൊണ്ടാണ് ഫേസ്ബുക്കിൽ വൈറലായത്.
കെയ്റയുടെ കഴുത്തിൽ ചുറ്റിപ്പിടിച്ച് നിസാഹയതയോടെ നോക്കി നിൽക്കുന്ന കാലയുടെ ചിത്രം കണ്ടവരുടെ എല്ലാം കരളലിയിച്ച ഒന്നായിരുന്നു. മൃഗങ്ങളെ ഇത്തരത്തിൽ കൊല്ലുന്നതിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നത്.
വാർത്തയറിഞ്ഞയുടൻ മൃഗസ്നേഹികളായ വെൻഡി, പാം എന്നീ സുഹൃത്തുക്കൾ കാലയേയും കെയ്റയേയും ഏറ്റെടുക്കാൻ തീരുമാനിച്ച് അഭയകേന്ദ്രത്തെ സമീപിച്ചു. വൈകാതെ കെയ്റയ്ക്കും കാലയ്ക്കും പുതിയ വാസസ്ഥലം ലഭിക്കും.
ഏതായാലും ഒരാറ്റ ഫോട്ടോ നിമിത്തം കാലയും കെയ്റയും തങ്ങളുടെ മാത്രമല്ല മറ്റ് നായകളുടെ കൂടി ജീവനാണ് രക്ഷെപ്പടുത്തിയിരിക്കുന്നത്.