ഇന്ത്യന്‍ വ്യോമസേനയില്‍ പുതുചരിത്രമെഴുതിയ ഒരു അച്ഛനും മകളുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. എയര്‍ കമാന്‍ഡര്‍ സഞ്ജയ് ശര്‍മയും ഫ്ലെെയിംഗ് ഓഫീസറായ അദ്ദേഹത്തിന്‍റെ മകള്‍ അനന്യ ശര്‍മയുമാണ് ഒരേ യുദ്ധവിമാനം പറത്തി ചരിത്രം സൃഷ്ടിച്ചത്.

വ്യോമസേന പുറത്തിറക്കിയ പ്രസ്താവന പ്രകാരം മേയ് 30ന് ഇരുവരും ചേര്‍ന്ന് ഹോക്ക്-132 എന്ന യുദ്ധവിമാനം പറത്തിയിരുന്നു. അച്ഛനും മകളും ചേര്‍ന്ന് ഒരേ ദൗത്യത്തിന് വേണ്ടി ഒരേ യുദ്ധവിമാനം പറത്തിയ ചരിത്രം മുമ്പിതുവരെ ഉണ്ടായിട്ടില്ലെന്ന് വ്യോമസേന അധികൃതര്‍ വ്യക്തമാക്കുന്നു.

അടുത്തിടെ യുദ്ധവിമാനത്തിന് മുന്നില്‍ ഇരിക്കുന്ന സഞ്ജയ് ശര്‍മയുടെയും മകള്‍ അനന്യ ശര്‍മയുടെയും ചിത്രങ്ങള്‍ പിആര്‍ഒ ഡിഫന്‍സ് ഗുജറാത്ത് തങ്ങളുടെ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. വൈകാതെ ആ ചിത്രവും വാര്‍ത്തയും വെെറലായി മാറി.


എയര്‍ കമാന്‍ഡര്‍ സഞ്ജയ് ശര്‍മ 1989ലാണ് വ്യോമസേനയുടെ യുദ്ധവിമാനം പറത്തുന്നതില്‍ കമ്മീഷന്‍ ചെയ്യപ്പെട്ടത്. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ബിടെക് ബിരുദധാരിയായ അനന്യ ശര്‍മ യുദ്ധവിമാനം പറത്തുന്ന പൈലറ്റായി 2021 ഡിസംബറിലാണ് കമ്മീഷന്‍ ചെയ്യപ്പെട്ടത്. അനന്യ നിലവില്‍ കര്‍ണാടകയിലെ ബിദറില്‍ പരിശീലനത്തിലാണ്.

അച്ഛനും മകളുമെന്നതിലുപരി തങ്ങള്‍ പരസ്പര വിശ്വാസമുള്ള മികച്ച സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമാണെന്നാണ് സഞ്ജയ് ശര്‍മ അഭിപ്രായപ്പെടുന്നത്. ഇരുവരേയും കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും താന്‍ ഏറ്റവും സന്തോഷവതിയാണെന്നും അനന്യയുടെ മാതാവ് സോനാല്‍ ശര്‍മ പറഞ്ഞു.