കലാകാരന്‍മാര്‍ മിക്കപ്പോഴും തങ്ങളുടെ സര്‍ഗാത്മകത നിമിത്തം കാണികളെ അതിശയിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് ചിത്രകലയുമായി ബന്ധപ്പെട്ട കലാകാരന്‍മാര്‍ കാഴ്ചക്കാരെ മിക്കപ്പോഴും അതിശയിപ്പിക്കും.

കാലം പുരോഗമിച്ചപ്പോള്‍ ചിത്രകലയിലും വലിയ പരീക്ഷണങ്ങളും മാറ്റങ്ങളും സംഭവിച്ചു. അത്തരത്തില്‍ ഉള്ള ഒരു സൃഷ്ടിയിപ്പോള്‍ സമൂഹ മാധ്യമങ്ങളെ ഞെട്ടിക്കുകയാണ്. കാനഡയിലെ വാന്‍കൂവര്‍ ആസ്ഥാനമായുള്ള ഒരു പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ മിമി ചോയിയാണ് അത്തരത്തില്‍ കാണികളെ അതിശയിപ്പിക്കുന്ന കലാകാരി.

മിമീസ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വീഡിയോയില്‍ ഇവരുടെ റിയലിസ്റ്റിക് കലാസൃഷ്ടികള്‍ നമുക്ക് കാണാനാകും.

മിമി തന്‍റെ കാലുകള്‍ കാന്‍വാസായി ഉപയോഗിച്ച് കള്ളിമുൾച്ചെടിയെ വരയ്ക്കുന്നത് നമുക്ക് കാണാം. പെയിന്‍റിന്‍റെ നിറം മുതല്‍ കള്ളിമുൾച്ചെടിയുടെ മുള്ളുകള്‍ വരെയുള്ള വിശദാംശങ്ങള്‍ കാഴ്ചക്കാരെ അമ്പരപ്പിക്കും. എല്ലാം വളരെ യഥാര്‍ഥവും സത്യവുമാണെന്ന് തോന്നും.

ചോപ്പിംഗ് ബോര്‍ഡില്‍ വശത്ത് ഒരു കത്തികൊണ്ട് ഒരു റൊട്ടി പോലെ മിമിയുടെ കാലുകള്‍ വരച്ചിരിക്കുന്നു. മാത്രമല്ല, വാഴപ്പഴം തൊലികളഞ്ഞതും തക്കാളി അരിഞ്ഞതും ഒരു ജോടി കണ്‍വേര്‍സ് ഷൂസും ഒക്കെ കലകളായി മിമിയുടെ കാലില്‍ വരച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

നിരവധി കമന്‍റുകള്‍ വീഡിയോയ്ക്ക് ലഭിക്കുകയുണ്ടായി. "അതുല്യ പ്രതിഭ' എന്നാണൊരു ഉപയോക്താവിന്‍റെ അഭിപ്രായം.