ട്രെയിൻ യാത്ര സുരക്ഷിതമാക്കാം; മൾട്ടി യൂട്ടിലിറ്റി മൊബൈൽ സേഫ്റ്റി മെഷുമായി പോലീസുകാരൻ ശരവണകുമാർ
ട്രെയിൻ യാത്ര ആസ്വദിക്കാൻ വിൻഡോ സീറ്റുകൾ തേടിപ്പോകുന്നവരാണ് നാം ഏവരും. പക്ഷേ സാമൂഹ്യദ്രോഹികൾ വലിച്ചെറിയുന്ന കല്ലുകൾ പതിച്ചേക്കുമോ, സ്വർണാഭരണങ്ങളും പേഴ്സും മോഷ്ടാക്കൾ അപഹരിക്കുമോയെന്ന ഭയം പലപ്പോഴും വിൻഡോ സീറ്റ് യാത്രികരെ അലട്ടാറുണ്ട്.

ഇതിനെല്ലാം പരിഹാരവുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്‍റികറപ്ഷൻ ബ്യൂറോയിൽ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിൽ സീനിയർ സിപിഒ ആയി ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന എം.ശരവണകുമാർ എന്ന പോലീസ് ഉദ്യോഗസ്ഥൻ. ഇദ്ദേഹം സ്വന്തമായി വികസിപ്പിച്ചെടുത്ത മൊബൈൽ സേഫ്റ്റി നെറ്റ് ഫോർ പ്രൊട്ടക്ഷൻ എന്ന ’മൾട്ടി യൂട്ടിലിറ്റി മെഷിന് ഇന്ത്യൻ പേറ്റന്‍റ് ലഭിച്ചു. മെഷിന്‍റെ നിർമാണത്തിനായി കന്പനികളെ കാത്തിരിക്കുകയാണ് ഇദ്ദേഹം.

ആ അച്ഛന്‍റെ ഫോണ്‍ കോൾ

2015 ൽ ശരവണകുമാർ തിരുവനന്തപുരം റെയിൽവേ കണ്‍ട്രോൾ റൂമിൽ ജോലി ചെയ്യുന്പോൾ വൈകുന്നേരം ഏഴോടെ ഒരു ഫോണ്‍കോൾ വന്നു. ട്രെയിനിന്‍റെ വിൻഡോ സീറ്റിനരുകിലിരുന്ന് യാത്ര ചെയ്ത അഞ്ചുവയസുകാരൻ മകന്‍റെ കണ്ണിനും ചെവിക്കും ഇടയിലായിട്ടുള്ള ഭാഗത്ത് പുറത്തുനിന്ന് ആരോ എറിഞ്ഞ കല്ലു പതിച്ചു, ട്രെയിനിൽ ഡോക്ടറുടെ സേവനം ലഭിക്കുമോയെന്ന് ആശങ്കയോടെ ചോദിച്ചുള്ള കോളായിരുന്നു അത്.

ശരവണകുമാർ അടുത്ത സ്റ്റേഷനിൽ വിളിച്ച് ഡോക്ടറുടെ സേവനത്തിനായി അഭ്യർഥിച്ചെങ്കിലും ആ കുഞ്ഞിന് ചികിത്സ കിട്ടാൻ ഏറെ കാത്തിരിക്കേണ്ടിവന്നു. വളരെ ആഴത്തിലുള്ള മുറിവായിരുന്നു കണ്ണിന് ഉണ്ടായത്. ഈ സംഭവം ശരവണകുമാറിന്‍റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു. തുടർന്ന് ട്രെയിൻ യാത്രികരുടെ സുരക്ഷയ്ക്കായി എന്തു ചെയ്യാൻ കഴിയുമെന്ന ചിന്തയിലായിരുന്നു ഈ പോലീസ് ഉദ്യോഗസ്ഥൻ.

മൊബൈൽ സേഫ്റ്റി നെറ്റ് ഫോർ പ്രൊട്ടക്ഷൻ എന്ന ആശയത്തിലേക്ക്

പിന്നീട് ട്രെയിനുകളുടെ ജനാലകൾ ശരവണകുമാർ ശ്രദ്ധിച്ചു തുടങ്ങി. ഒരു ട്രെയിനിലെ 18 ഓളം ബോഗികളിൽ മൂന്ന് എസി കോച്ചുകൾ ഒഴിച്ചാൽ ബാക്കി പതിനഞ്ച് ബോഗികളിലായി 700 ഓളം യാത്രക്കാർ വിൻഡോ സീറ്റിനരുകിലിരുന്നാണ് യാത്ര ചെയ്യുന്നത്. രാജ്യത്തെ 13,000 ട്രെയിൻ സർവീസുകളിൽ 20 വർഷത്തേക്ക് ബോഗികളിൽ മാറ്റമൊന്നും സംഭവിക്കില്ലെന്നു ശരവണകുമാറിനു മനസിലായി. മെറ്റൽ, ഗ്ലാസ് ഷട്ടറുകളാണ് വിൻഡോയിലുള്ളത്.

പുറത്തുനിന്ന് സാമൂഹ്യദ്രോഹികൾ കല്ലുകൾ വലിച്ചെറിഞ്ഞുണ്ടാകുന്ന അപകടങ്ങളിൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകുന്നില്ലെന്നും ഇദ്ദേഹത്തിന് അറിയാൻ കഴിഞ്ഞു.

വിൻഡോ സീറ്റിനരുകിലിരുന്നു യാത്ര ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ ആഭരണങ്ങളും പഴ്സും മൊബൈൽഫോണുകളും പുറത്തുനിന്ന് കവരുന്ന കേസുകളും വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ലോക്കോ പൈലറ്റുമാരും സുരക്ഷിതരല്ലെന്നു മനസിലായി. അതിനുശേഷമാണ് വിൻഡോ സീറ്റിലെ സുരക്ഷയ്ക്കു ശേഷം മടക്കിവയ്ക്കാവുന്ന നെറ്റിനെക്കുറിച്ച് ശരവണകുമാർ ചിന്തിച്ചത്. 2015ൽ സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് അത്തരത്തിലൊരു നെറ്റ് ശരവണകുമാർ വികസിപ്പിച്ചെടുത്തു.മൾട്ടി പർപ്പസ് നെറ്റ്

ശരവണകുമാർ വികസിപ്പിച്ചെടുത്ത നെറ്റിന് ഒന്നിലധികം ഗുണങ്ങളാണുള്ളത്. സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച സേഫ്റ്റി നെറ്റിന് പുറത്തുനിന്നും വേഗത്തിൽ വരുന്ന കല്ല് തടയാൻ കഴിയും. വിൻഡോയ്ക്ക് അകത്തേക്ക് വരുന്ന കൈകൾ തടയുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. വിൻഡോ സീറ്റുകളിൽ ഇരുന്ന് യാത്ര ചെയ്യുന്ന സ്ത്രീ യാത്രക്കാരുടെ കഴുത്തിൽനിന്നും മാലപൊട്ടിക്കൽ തുടങ്ങിയ അപകടങ്ങൾ ഒരു പരിധിവരെ തടയാനും ഈ സേഫ്റ്റി നെറ്റ് സഹായിക്കും. യാത്രക്കാർക്ക് വളരെ ലളിതമായി ട്രെയിനിൽ ഇത് ഘടിപ്പിക്കാനും ഭയം കൂടാതെ പുറം കാഴ്ചകൾ കാണാനും സാധിക്കും.

മൾട്ടിപർപ്പസ് ഡിവൈസ് ആയതുകൊണ്ട് രാത്രി സമയങ്ങളിൽ നിലവിലുള്ള മെറ്റൽ വിൻഡോ ഷട്ടറുകൾ പൂർണമായും അടച്ച ശേഷം സേഫ്റ്റി നെറ്റ് തിരികെ ഊരിയെടുത്ത് യാത്രക്കാർക്ക് തങ്ങളുടെ ലഗേജുകൾ പൂട്ടിവയ്ക്കാവുന്ന ചങ്ങലയായും ഇത് ഉപയോഗിക്കാം. നാലടി നീളത്തിലുള്ള റോപ്പാക്കി മാറ്റി രണ്ടു വലിയ ട്രോളി ബാഗുകൾ വരെ ഇതുപയോഗിച്ച് ലോക്ക് ചെയ്യാം.

ഇങ്ങനെ ലോക്ക് ചെയ്തിരിക്കുന്ന ലഗേജ് മോഷ്ടിക്കാനോ വലിച്ചു പൊട്ടിക്കാനോ ശ്രമിച്ചാൽ ഇതില്‍ സെറ്റ് ചെയ്തിരിക്കുന്ന അലാറം മുഴങ്ങുകയും അതുവഴി മോഷണം ഒരു പരിധി വരെ തടയാനും കഴിയും. കൂടാതെ നിയന്ത്രിത സ്ഥലങ്ങളിൽ അനധികൃതമായി പറക്കുന്ന ഡ്രോണുകളെ തടയാനും ഇത് ഉപയോഗിക്കാം.

14 സെന്‍റി മീറ്റർ നീളമുള്ള സേഫ്റ്റി മെഷിന് 400 ഗ്രാം മാത്രമേ ഭാരമുള്ളൂ. ഇതിന് 90 കിലോ വരെ ഭാരം താങ്ങാൻ കഴിവുള്ളതിനാൽ മിലിറ്ററി ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിക്ക് ആവശ്യമുള്ള സാധനങ്ങൾ കൊണ്ടുപോകാനും കഴിയും. തുണിപോലെയും ദണ്ഡുപോലെയും മടക്കിയെടുക്കാം. പോക്കറ്റിലിട്ടു കൊണ്ടു നടക്കാമെന്ന സവിശേഷതയും ഈ സേഫ്റ്റി നെറ്റിനുണ്ട്.പേറ്റന്‍റിനായുള്ള കാത്തിരിപ്പ്

2015ൽ തന്നെ പേറ്റന്‍റിനായി ഇന്ത്യൻ പേറ്റന്‍റ് ഓഫീസിന്‍റെ ചെന്നൈ ഡിവിഷനിലാണ് അപേക്ഷ സമർപ്പിച്ചത്. എന്നാൽ അമേരിക്ക, ചൈന എന്നിവിടങ്ങളിൽ ഇത്തരം നെറ്റിന് പേറ്റന്‍റ് ഉണ്ടെന്ന് കാണിച്ച് ആദ്യം അധികൃതർ നിരസിച്ചു.

വീണ്ടും അപേക്ഷ സമർപ്പിച്ചതിനെത്തുടർന്ന് സെക്യൂരിറ്റി ആവശ്യത്തിനായി മൾട്ടി പർപ്പസായിട്ടുള്ള നെറ്റില്ലെന്ന് കണ്ട് ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യയുടെ പേറ്റന്‍റ് സർട്ടിഫിക്കറ്റ് ഡൽഹിയിൽ നിന്ന് അടുത്തിടെ അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. പേറ്റന്‍റ് ലഭിച്ചെങ്കിലും മെഷിന്‍റെ നിർമാണത്തിനായി കന്പനികളാരും എത്തിയിട്ടില്ല. കന്പനികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.

സേനയിൽനിന്നുള്ള പിന്തുണ വലുത്

2005 മുതൽ പോലീസ് സേനയുടെ ഭാഗമാണ് ശരവണകുമാർ. കേരള പോലീസിൽ നിന്ന് തനിക്ക് വളരെയധികം പിന്തുണ ലഭിക്കുന്നുണ്ടെന്ന് ശരവണകുമാർ പറഞ്ഞു. ഇദ്ദേഹം വിജിലൻസിൽ ഡെപ്യൂട്ടേഷനിൽ എത്തിയിട്ട് ഏഴു മാസമേ ആയിട്ടുള്ളൂ. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമും ഐജി ഹർഷിത അട്ടലൂരിയും ഉൾപ്പെടെയുള്ള മേലുദ്യോഗസ്ഥർ വളരെയധികം പിന്തുണയും പ്രോത്സാഹനവും നൽകുന്നുണ്ടെന്ന് ശരവണകുമാർ പറഞ്ഞു.

കൂട്ടായി കുടുംബം

പാറശാല ഗാന്ധിപാർക്ക് ശരവണ നിവാസിൽ മണിയൻ ആചാരി- കസ്തൂരി ദന്പതികളുടെ മകനാണ് ശരവണകുമാർ. ഭാര്യ ജയചിത്ര. സ്കൂൾ വിദ്യാർഥികളായ സൻജയ് എസ്. സ്വരൂപും വിസ്മയ ശരണുമാണ് മക്കൾ. കുടുംബത്തിന്‍റെ പിന്തുണയാണ് തന്‍റെ വിജയത്തിന്‍റെ മുതൽക്കൂട്ടെന്ന് ഇദ്ദേഹം പറയുന്നു.

സീമ മോഹൻലാൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.