നിർഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ തയാർ, ഉത്തരവിനായി കാത്തിരിക്കുന്നു: ആരാച്ചാർ പവൻ ജല്ലാദ്
Wednesday, January 8, 2020 4:41 PM IST
നിർഭയ കേസിൽ വധ ശിക്ഷ കാത്തിരിക്കുന്ന പ്രതികളെ തൂക്കി കൊല്ലുവാൻ തയാറാണെന്ന് ആരാച്ചാർ പവൻ ജല്ലാദ്. ഇതിനായുള്ള ഉത്തരവ് ലഭിക്കുവാൻ താൻ കാത്തിരിക്കുകയാണെന്നും പവൻ പറഞ്ഞു.
ഞാൻ ഇപ്പോൾ സഹാറാൻപൂരിലാണ്. നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതിനായി തയാറാകണമെന്ന് എനിക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. മീററ്റ് ജയിലിൽ നിന്നും ഇതിനായുള്ള ഉത്തരവ് ലഭിക്കുമ്പോൾ ഞാൻ തീഹാർ ജയിലിൽ എത്തും. പവൻ പറഞ്ഞു.
നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നത് എത്രയും പെട്ടന്ന് വേണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. ഇവരുടെ ശിക്ഷ വേഗത്തിൽ നടപ്പിലാക്കുകയായിരുന്നുവെങ്കിൽ ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്തതിന് ശേഷം കത്തിച്ചുകൊന്ന കേസ് ഉണ്ടാകില്ലായിരുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.
വധ ശിക്ഷ നടപ്പിലാക്കുവാനായി എനിക്ക് പരിശീലനത്തിന്റെ ആവശ്യമില്ല. എന്റെ മുതുമുത്തച്ഛനും മുത്തച്ഛനും അച്ഛനും ആരാച്ചാർമാരായിരുന്നു. ഞാനും അവരിൽ നിന്നാണ് ഇത് പഠിച്ചത്. വളരെ എളുപ്പമുള്ള ഒരു ജോലിയല്ലിത്. ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ട്.
നിർഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലുന്നതിനുള്ള കർത്തവ്യം തനിക്ക് ലഭിച്ചതിൽ വളരെയധികം സന്തോഷത്തിലാണ് പവൻ. വധ ശിക്ഷ നടപ്പിലാക്കുന്നതിന് ഒരു ലക്ഷം രൂപയാണ് പവന് പ്രതിഫലമായി ലഭിക്കുക. ഈ പണം ഉപയോഗിച്ച് കുറച്ചു നാളത്തേക്കെങ്കിലും തന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാൻ സാധിക്കുമെന്ന സന്തോഷത്തിലാണ് പവൻ.