ആന്തരികാവയവങ്ങളെക്കുറിച്ച് പഠിപ്പിക്കാൻ അൽപം മാറി ചിന്തിച്ചു; അധ്യാപികയ്ക്ക് അഭിനന്ദന പ്രവാഹം
Friday, December 27, 2019 11:35 AM IST
മനുഷ്യ ശരീരത്തിലെ ആന്തരിക അവയവങ്ങളെക്കുറിച്ച് പഠിക്കാൻ വേറിട്ട മാർഗം സ്വീകരിച്ച അധ്യാപികയെ തേടി അഭിനന്ദന പ്രവാഹം. സ്പെയിനിലെ വല്ലഡോലിഡിലുള്ള മൂന്നാം ഗ്രേഡ് അധ്യാപികയായ വെറോണിക്ക ഡ്യൂക്കയാണ് ഏറെ ബുദ്ധിമുട്ടുള്ള പാഠം കുട്ടികൾക്ക് മനസിലാകുവാൻ അൽപം മാറി ചിന്തിച്ചത്.
ആന്തരിക അവയവങ്ങളുടെ ചിത്രം പതിപ്പിച്ച സ്യൂട്ട് ധരിച്ചാണ് ഇവർ കുട്ടികൾക്ക് ക്ലാസ് എടുത്തത്. ഇതിലൂടെ കുട്ടികൾക്ക് അവയവങ്ങളെക്കുറിച്ച് കൃത്യമായി മനസിലാക്കുവാൻ സാധിക്കുമെന്നാണ് വെറോണിക്ക പറയുന്നത്. ഓണ്‍ലൈനിൽ നിന്നുമാണ് ഇവർ ഈ സ്യൂട്ട് വാങ്ങിയത്.
സ്യൂട്ട് ധരിച്ച് ഇവർ കുട്ടികളെ പഠിപ്പിക്കുന്നതിന്റെ ദൃശ്യം ഇതിനോടകം തന്നെ വൈറലായി മാറുകയാണ്. കുട്ടികൾക്ക് വേഗത്തിലും വ്യക്തമായും പാഠ ഭാഗങ്ങൾ മനസിലാകുവാൻ ഇവർ ചെയ്ത പ്രവർത്തിയെ അഭിനന്ദിച്ച് നിരവധിയാളുകൾ രംഗത്തെത്തുന്നു.