അപ്രതീക്ഷിതമായ സംഭവങ്ങള്‍ നിമിത്തം ജീവിതത്തില്‍ പലരും നിരാശരാകാറുണ്ടല്ലൊ. അത് ചിലപ്പോള്‍ പ്രിയപ്പെട്ടവരുടെ വേര്‍പാടാകാം അല്ലെങ്കില്‍ അപകടം മൂലമുള്ള വൈകല്യമൊ അസുഖമൊ ഒക്കെയാകാം.

എന്നാല്‍ ചിലര്‍ പിന്നെയും ജീവിച്ചു തെളിയിക്കും. ഒരു മനുഷ്യന്‍റെ നേട്ടവും കോട്ടവും അവന്‍റെ അധ്വനത്തെയും ഇച്ഛാശക്തിയേയും ആശ്രയിച്ചുള്ളതാണെന്ന് പറയാം. ഇത്തരത്തില്‍ തങ്ങളുടെ പരിമിതികളെ മൈന്‍ഡ് ചെയ്യാതെ മുന്നേറുന്ന ചിലരുടെ കാഴ്ചയാണ് ഐപിഎസ് ഉദ്യോഗസ്ഥനായ സന്തോഷ് സിംഗ് പങ്കുവച്ചിരിക്കുന്നത്.

വീഡിയോയില്‍ വേള്‍ഡ് ആംപ്യൂട്ട് ഫുട്ബോള്‍ ഫെഡറേഷന്‍ നടത്തിയ ഒരു മത്സരമാണുള്ളത്. സ്പെയിനും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തില്‍ ഇരുടീമംഗങ്ങളും വാശിയിലാണ്. വടിയൂന്നി ഒറ്റക്കാലില്‍ തങ്ങളാല്‍ കഴിയും വേഗത്തിലാണ് അവര്‍ ഫുട്ബോള്‍ കളിക്കുന്നത്.

അവര്‍ പന്തുമായി മുന്നേറുന്നതും പാസ് ചെയ്യുന്നതും കാഴ്ചക്കാരെ ആവേശത്തിലാക്കും. ഒടുവില്‍ ഗോള്‍ സ്കോര്‍ ചെയ്തശേഷമുള്ള അവരുടെ ആഹ്ലാദപ്രകടനം ഒന്നുകാണേണ്ടതുതന്നെയാണ്. ഏതായാലും വീഡിയോ നെറ്റിസണില്‍ വെെറലായി. "അവരുടെ ആത്മാവിനെ അഭിവാദ്യം ചെയ്യുക’ എന്നാണൊരാള്‍ കമന്‍റ് ചെയ്തത്.