രജനി സ്റ്റൈലിൽ ഡോളിയുടെ ചായയടി! ആരും നോക്കിനിന്നുപോകും
Wednesday, February 24, 2021 2:15 PM IST
പലപ്പോഴും ചായ ആളുകളുടെ മനസിൽ കയറുന്നത് അതിന്റെ രുചി കൊണ്ടു മാത്രമല്ല, ചായ ഉണ്ടാക്കിത്തരുന്ന രീതികൊണ്ടുമാണ്. അതുകൊണ്ടു തന്നെ ചായയടി എന്നത് വളരെ ശ്രദ്ധയും മികവും വേണ്ട പരിപാടിയായി മാറിയിട്ടുണ്ട്. വ്യത്യസ്തമായ ചായയടി പലപ്പോഴും വാർത്തകളിലും നിറയാറുണ്ട്.
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഡോളിയുടെ ഒരു ചായക്കടയുണ്ട്. അവിടെ എപ്പോഴും തിരക്കാണ്. ചായയുടെ രുചികൊണ്ടാവും ഈ തിരക്കെന്നു പറയാൻ വരട്ടെ. രുചി മാത്രമല്ല സ്റ്റൈലിലുള്ള ഡോളിയുടെ ചായയടി കാണാനെത്തുന്നവരുമുണ്ട് ഈ തിരക്കിനിടയിൽ.
ഡോളി രജനീകാന്തിന്റെ ആരാധകനാണ്. ആ ആരാധനയിൽനിന്നു പിറവിയെടുത്തതാണ് ഈ സ്റ്റൈലൻ ചായയടി. സോഷ്യൽ മീഡിയയിലും വൈറലാണ് ഈ ചായയടി. ഫേസ്ബുക്കിൽ ’സ്ട്രീറ്റ് ഫുഡ് റെസിപ്പീസ്’ എന്ന പേജിലൂടെയാണ് ഡോളിയുടെ വീഡിയോ പ്രചരിക്കുന്നത്.
ഇരുപതു വർഷമായി ചായക്കട നടത്തുന്ന ഡോളി ചായ ഉണ്ടാക്കുന്നതും നൽകുന്നതും കാണാൻ തന്നെ രസമാണ്. വളരെ ഉയരത്തിൽനിന്നു ചായപാത്രത്തിലേക്ക് പാൽ ഒഴിക്കുന്നതും ഒരു തുള്ളി പോലും പുറത്തു പോകാതെ അതിവേഗം ഗ്ലാസുകളിലേക്കു പകരുന്നതും ചായ കുടിക്കാനെത്തുന്നവരെ അതിശയിപ്പിക്കും.
ചായയടിയിൽ മാത്രമല്ല ഈ സ്റ്റൈൽ കാശ് വാങ്ങാനും ബാക്കി നൽകാനും സിഗരറ്റിനു തീകൊളുത്താനുമൊക്കെ ഉണ്ട് ഈ ’രജനീ സ്റ്റൈൽ’.