സ്കൂളില്‍ മോഷണം; താന്‍ "ധൂം 4' ആണെന്ന് ബോര്‍ഡില്‍ എഴുതിവച്ച് കള്ളന്‍
സിനിമ ആളുകളെ സ്വാധീനിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഒഡീഷയില്‍ ഒരു മോഷ്ടാവ് തന്‍റേത് ഒരു സിനിമ സ്റ്റൈല്‍ മോഷണമാണെന്നാണ് ക്ലാസ് മുറിയില്‍ എഴുതിവച്ചത്.

ഒഡീഷയിലെ നബരംഗ്പൂരിലെ ഖാത്തിഗുഡയിലുള്ള ഇന്ദ്രാവതി പ്രൊജക്ട് ഹൈസ്കൂളിലാണ് സംഭവം. ശനിയാഴ്ച സ്കൂളിലെത്തിയ അധികൃതര്‍ക്ക് കാണാനായത് തകര്‍ക്കപ്പെട്ട ഗേറ്റാണ്. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ സര്‍ബേസ്‌വര്‍ ബെഹ്റ വിവരം ഉടന്‍ തന്നെ പോലീസിനെ അറിയിച്ചു.

പോലീസ് പരിശോധനയില്‍ ഹെഡ്മാസ്റ്ററുടെ മുറി തകര്‍ക്കപ്പെട്ടതായി കണ്ടെത്തി. മുറിയില്‍ നിന്നും കമ്പ്യൂട്ടറുകള്‍, പ്രിന്‍റര്‍, ഫോട്ടോകോപ്പി യന്ത്ര സാമഗ്രികള്‍, വെയിംഗ് മെഷീന്‍, വാദ്യോപകരണങ്ങള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ മോഷണം പോയിരുന്നു.

എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചത് സ്കൂളിലെ ഒരു ക്ലാസ് മുറിയില്‍ കള്ളന്‍ എഴുതിവച്ച വാചകങ്ങളാണ്. ബോര്‍ഡില്‍ ഇംഗ്ലീഷിലും ഒഡിയയിലുമായി താന്‍ "ധൂം 4' ആണെന്നും മോഷണം ഇനിയും തുടരുമെന്നും കഴിയുമെങ്കില്‍ പിടിക്കാനുമാണ് കള്ളന്‍ എഴുതിയിരിക്കുന്നത്.

ബോളിവുഡില്‍ വൻവിജയമായി മാറിയ ചിത്രമാണ് ധൂം. മൂന്ന് ഭാഗങ്ങളായി ഇറങ്ങിയ ചിത്രത്തില്‍ ജോൺ ഏബ്രഹാം, ഹൃത്വിക് റോഷൻ‌, ആമിർ ഖാൻ എന്നിവരാണ് യഥാക്രമം നായകരായത്. ധൂമിലെ നായകരെപ്പോലെ താനും അതിവിദഗ്ധനായ മോഷ്ടാവാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

ബോര്‍ഡില്‍ ചില ഫോണ്‍ നമ്പരുകളും മോഷ്ടാവ് എഴുതിവെച്ചിരുന്നു. രസകരമായ കാര്യം ഫോണ്‍ നമ്പരുകളിലൊന്ന് സ്കൂളിലെ തന്നെ ഒരു അധ്യാപകന്‍റേതായിരുന്നു. ഏതായാലും കള്ളനെ എത്രയും വേഗം വലയിലാക്കാനുള്ള നീക്കത്തിലാണ് ഖാത്തിഗുഡ പോലീസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.