ഭവനരഹിതയായ സ്ത്രീയുടെ മേല്‍ നിഷ്കരുണം വെള്ളം തളിക്കുന്ന കടയുടമ; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
ദയ, കരുണ, സ്നേഹം ഇവയൊക്കെ ശ്രേഷ്ഠമാണെന്ന് കേള്‍ക്കുന്നതല്ലാതെ ഉള്‍ക്കൊള്ളുന്നവര്‍ വളരെ കുറവാണ്. അതിലും ഏറെ പിന്നിലാണ് ഇവ നടപ്പാക്കുന്നവര്‍. ചിലരുടെ പ്രവര്‍ത്തികൾ ഈ ഭൂമി അവരുടേതെന്ന് തോന്നിപ്പിക്കും വിധമാണ്. ഇത്തരക്കാരെ സമൂഹം പലപ്പോഴും തിരുത്താന്‍ ശ്രമിക്കുമെങ്കിലും അവർ പൂര്‍ണമായി അവസാനിക്കാറില്ല.

അത്തരമൊരു ഉദാഹരണമാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ ചര്‍ച്ചയാകുന്നത്. ക്ലൗണ്‍ വേള്‍ഡ് എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ വീടില്ലാതെ വഴിയരികില്‍ കിടക്കുന്ന ഒരു സ്ത്രീയുടെ മേല്‍ ഒരു കടയുടമ വെള്ളം ഒഴിക്കുന്നതാണുള്ളത്.

സംഭവം അമേരിക്കയിലാണ്. കോളിയര്‍ ഗ്വിന്‍ എന്ന ഒരു ആര്‍ട്ട് ഗാലറിയുടെ ഉടമയാണ് ഈ ക്രൂരത കാട്ടിയത്. ഇയാളുടെ കടയുടെ മുന്നില്‍ ഈ സ്ത്രീ സ്ഥിരമായി ഇരിക്കുന്നു എന്ന കാരണത്താലാണ് ഇത്തരത്തില്‍ ഹോസ് ഉപയോഗിച്ച് അവരുടെ മുഖത്ത് നേരിട്ട് വെള്ളം തളിച്ചത്.

ഏറ്റവും കഷ്ടമായ കാര്യം തണുപ്പ് ഏറ്റവും ഉള്ള സമയത്താണ് ഇവര്‍ വീടില്ലാതെ തെരുവില്‍ കിടക്കേണ്ടിവരുന്നത്. ആ ദുരവസ്ഥയില്‍ ഉള്ളവരുടെ മുഖത്താണ് ഇയാള്‍ തണുത്ത വെള്ളം ഒഴിക്കുന്നത്.

ആ സ്ത്രീ തണുക്കുമ്പോള്‍ നിലവിളിക്കുകയാണ്. തെരുവിലുള്ള മറ്റൊരു കടക്കാരനായ എഡ്സണ്‍ ഗാര്‍ഷ്യയാണ് ഈ വീഡിയോ റിക്കാര്‍ഡ് ചെയ്തത്.

വീഡിയോ വിവാദമായതോടെ താനാണ് ഇത് ചെയ്തതെന്ന് ഗ്വിന്‍ സമ്മതിച്ചു. എന്നാല്‍ തന്‍റെ നീചപ്രവര്‍ത്തിയില്‍ അനുതപിക്കാനൊ മാപ്പ് പറയാനൊ ഇയാള്‍ തയാറായില്ല. തന്‍റെ കടയ്ക്ക് മുന്നില്‍ നിന്ന് മാറണമെന്ന് പലവട്ടം ഈ സ്ത്രീയോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല പോലീസിന്‍റെ സഹായം ഇക്കാര്യത്തില്‍ ലഭിച്ചതുമില്ല എന്നാണ് ഗ്വിന്‍റെ വാദം.

ഏതായാലും സംഭവത്തില്‍ നെറ്റിസണും വിമര്‍ശനവുമായി എത്തി. "കട നിങ്ങളുടേതാകാം ഈ വഴി എല്ലാവരുടേതുമാണ്' എന്നാണൊരു ഉപയോക്താവ് കുറിച്ചത്. "ഈ ഭൂമിയില്‍ നിങ്ങളും സ്ഥിരതാമസക്കാരനല്ലല്ലൊ സുഹൃത്തെ' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.