നാല് ഭൂഖണ്ഡങ്ങള്‍ താണ്ടി സിംഗപ്പൂരില്‍ നിന്നും അന്‍റാര്‍ട്ടിക്കയിലേക്കൊരു ഫുഡ് ഡെലിവറി; വൈറല്‍
Saturday, November 19, 2022 12:59 PM IST
സ്വിഗി, സൊമാറ്റൊ പോലുള്ള ഓണ്‍ലൈന്‍ ആഹാര വിതരണ കമ്പനികളുടെ വരവോടെ ആര്‍ക്കും പ്രിയപ്പെട്ട ആഹാരം സ്വന്തം വീടുകളില്‍ വരുത്തി കഴിക്കാവുന്ന സാഹചര്യമാണല്ലൊ. ഓഫീസുകളിലും മറ്റും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് വളരെ ഉപകാരപ്രദമായി മാറിയിട്ടുണ്ട്.
എന്നാല്‍ ആരെങ്കിലും ആഹാരം മറ്റൊരു ജില്ലയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയതായി കേട്ടാല്‍ നിങ്ങളൊന്ന് നെറ്റി ചുളിക്കില്ലെ. പക്ഷെ സമൂഹ മാധ്യമങ്ങളില്‍ അലയടിക്കുന്ന ഒരു സംഭവം അതുക്കും മേലെയാണ്.
കാരണം അന്‍റാര്‍ട്ടിക്കയില്‍ നിന്നുമുള്ള ഒരാള്‍ ആഹാരം ഓര്‍ഡര്‍ ചെയ്തത് സിംഗപ്പൂരില്‍ നിന്നായിരുന്നു. ചെന്നൈയില്‍ നിന്നുള്ള മാനസ ഗോപാല്‍ ഒക്ടോബര്‍ അഞ്ചിന് പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് ലോകത്തെ തന്നെ ഏറ്റവും ദെെര്‍ഘ്യമുള്ള ഈ ആഹാര വിതരണത്തിന്‍റെ കാര്യം ഉള്ളത്.
ഈ ആഹാര വിതരണത്തിനായി നാല് ഭൂഖണ്ഡങ്ങളിലൂടെയായി 30,000 കിലോമീറ്ററിലധികം സഞ്ചരിച്ചിരുന്നത്രെ ഇവര്‍.
യുവതി ആദ്യം ജര്‍മന്‍ നഗരമായ ഹാംബര്‍ഗിലേക്കും പിന്നീട് അര്‍ജന്‍റീനയിലെ ബ്യൂണസ് അയേഴ്സിലേക്കും പോയി. തുടര്‍ന്ന് ഉഷുവയ നഗരത്തില്‍ നിന്ന് അവള്‍ അന്‍റാര്‍ട്ടിക്കയിലേക്ക് വിമാനം കയറി.
വീഡിയോ ദൃശ്യങ്ങളില്‍ ഇവര്‍ വിവിധ ഭൂപ്രദേശങ്ങള്‍ മുറിച്ചുകടക്കുന്നതായും മഞ്ഞിലും ചെളിയിലും കൂടി നടക്കുന്നതായും കാണിക്കുന്നു. ഹരിത പങ്കാളികളുമായി സഹകരിച്ച് മാനസ നടത്തിയ യാത്ര സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
നിരവധിയാളുകള്‍ പങ്കുവച്ച വീഡിയോയ്ക്ക് ധാരാളം അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്. "അതിശയകരം’ എന്നാണൊരു കമന്‍റ്. "എന്താണ് ഡെലിവര്‍ ചെയ്തത്?' എന്നാണ് മറ്റൊരാളുടെ ചോദ്യം.