കാടിളകി വരുന്നതല്ല, പൂന്തോട്ടവുമായി ഓട്ടോ പോകുന്നതാണ്!
Tuesday, May 3, 2022 10:46 PM IST
ഡൽഹിയിലെ റോഡിൽ കൂടെ പോകുന്ന മുകളിൽ പൂന്തോട്ടമുള്ള ഓട്ടോറിക്ഷ വൈറലാകുന്നു. കനത്ത ചൂടിനെ അതിജീവിക്കാൻ മഹേന്ദ്ര കുമാറെന്ന ഓട്ടോ ഡ്രൈവർ കണ്ടെത്തിയ വഴിയാണിത്. പൂന്തോട്ടം കാരണം ഓട്ടോയിൽ കയറുന്ന യാത്രക്കാർക്ക് ചൂടിന് ആശ്വാസമുണ്ട്.
കൊടുംചൂടിലും തന്റെ ഓട്ടോയിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമുണ്ടെന്ന് മഹേന്ദ്ര കുമാർ പറഞ്ഞു. ഓട്ടോയ്ക്ക് മുകളിൽ ഏകദേശം ഇരുപതോളം വ്യത്യസ്ത സസ്യങ്ങളാണ് വച്ച് പിടിപ്പിച്ചിരിക്കുന്നത്.
ഓട്ടോയിൽ കയറാനും അതിനൊപ്പം നിന്ന് സെൽഫിയെടുക്കാനുമൊക്കെ ആളുകൾ തിരക്ക് കൂട്ടുന്നുണ്ട്. സഞ്ചരിക്കുന്ന പൂന്തോട്ടത്തിലിരുന്ന് സന്തോഷത്തോടെയാണ് എല്ലാവരും യാത്ര ചെയ്യുന്നത്. രണ്ട് വർഷം മുമ്പ് ഇത് പോലെ കടുത്ത ചൂടുകാലത്താണ് എനിക്ക് മനസ്സിൽ ഇങ്ങനെ ഒരു ആശയം തോന്നിയത്. ഓട്ടോയ്ക്ക് മുകളിൽ കുറച്ച് ചെടികൾ വളർത്തിയാൽ വണ്ടിക്ക് അൽപം തണുപ്പുണ്ടാവുമല്ലോ എന്നെനിക്ക് തോന്നി.
ഓട്ടോയിൽ കയറുന്ന യാത്രക്കാർക്കും വലിയ ആശ്വാസമാവുമെന്ന് കരുതിയാണ് പൂന്തോട്ടം ഉണ്ടാക്കിയത്. രണ്ട് ചെറിയ കൂളറുകളും ഒരു ഫാനും ഓട്ടോയ്ക്കുള്ളിൽ ഇത് കൂടാതെ വച്ചിട്ടുണ്ട്. പ്രകൃതിദത്തമായ എസി പോലെയാണ് ഇപ്പോൾ ഇത് പ്രവർത്തിക്കുന്നത്- മഹേന്ദ്ര കുമാർ പറയുന്നു.
ഓട്ടോയ്ക്ക് മുകളിൽ ചെടികൾ വളർത്തുന്നത് പ്രയാസമുള്ള കാര്യമല്ലെന്ന് കുമാർ പറഞ്ഞു. ആദ്യം തന്നെ മുകളിൽ ഒരു പായ് വിരിച്ചു. പിന്നീട് ഇതിന് മുകളിൽ ചാക്കിട്ടു. ശേഷം മണ്ണ് പരത്തുകയും വെള്ളം തളിക്കുകയും ചെയ്തു. സുഹൃത്തുക്കളാണ് കുമാറിന് വിത്തുകൾ നൽകിയത്. റോഡരികിൽ നിന്ന് കിട്ടിയ കുറച്ച് പുല്ലും വെച്ച് പിടിപ്പിച്ചു. വളരെ പെട്ടെന്ന് തന്നെ വിത്ത് മുളച്ച് വന്നുവെന്നും അദ്ദേഹം പറഞ്ഞു.