ഇതാ ശരിക്കും ലോകമുത്തശ്ശി! അവകാശവാദവുമായി ബന്ധുക്കൾ; പ്രായം കേട്ടാൽ ഞെട്ടും
Thursday, May 5, 2022 3:30 PM IST
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ബ്രസീലിലുള്ള മരിയ ഗോമസാണെന്ന അവകാശവാദവുമായി ബന്ധുക്കൾ. തങ്ങളുടെ മുതുമുത്തശ്ശിക്ക് നിലവിൽ 121 വയസുണ്ടെന്നും അതിന്‍റെ രേഖകൾ കൈയിലുണ്ടെന്നുമാണ് മരിയ ഗോമസിന്‍റെ കുടുംബം അവകാശപ്പെടുന്നത്.
ബ്രസീലിന്‍റെ വടക്ക് കിഴക്കൻ ഭാഗത്തുള്ള ബൊം ജീസസ് ഡാ ലാപ്പാ പട്ടണത്തിൽ കഴിയുന്ന മരിയ ഗോമസ് 16 ജൂണ്‍ 1900 ൽ ജനിച്ചതായാണ് രേഖകൾ പറയുന്നത്. മക്കളെല്ലാം മരിച്ചു കഴിഞ്ഞ ഈ മുതുമുത്തശ്ശി കഴിയുന്നത് കൊച്ചു മകൾ സിലിയ ക്രീസ്റ്റീനയ്ക്കൊപ്പമാണ്.
എട്ടു വർഷം മുൻപുവരെ മരിയ എല്ലാ കാര്യങ്ങളും സ്വയം ചെയ്തിരുന്നെന്നും നിലവിൽ ഓർമ കുറവുണ്ടെന്നും മറ്റൊരു ചെറുമകളായ വിറ്റോറിയ സ്റ്റെഫാനി പറയുന്നു. എന്നാൽ മരിയ ഗോമസിന്‍റെ കുടുംബം ഗിന്നസ് അധികൃതരെ സമീപിക്കുമോ എന്ന കാര്യം വ്യക്തമല്ല.
നിലവിൽ 11 ഫെബ്രുവരി 1904ൽ ജനിച്ച 118 കാരിയായ ലൂസിലെ റാണ്ടൊ എന്ന ഫ്രഞ്ചുകാരിയാണ് ലോകത്തേറ്റവും പ്രായം കൂടിയ ജീവിച്ചിരിക്കുന്ന ആൾ.