കുഞ്ഞനുജന്റെ തൊണ്ടയില്‍ കളിപ്പാട്ടം കുരുങ്ങാതെ രക്ഷപ്പെടുത്തുന്ന ചേട്ടന്; അഭിനന്ദിച്ച് നെറ്റിസണ്
Thursday, March 9, 2023 1:17 PM IST
എപ്പോഴും ഇളയ സഹോദരങ്ങളുടെ കാര്യത്തില്‍ മൂത്തകുട്ടികള്‍ ഉത്തരവാദിത്വം കാട്ടാറുണ്ട്. അച്ഛനമ്മമാര്‍ മറ്റ് തിരക്കുകളിലാണെങ്കില് ഈ ചേട്ടന്മാര് അല്ലെങ്കില്‍ ചേച്ചിമാര് തങ്ങളുടെ ഇളയ കുട്ടികളെ കരുതുന്ന കാഴ്ച പ്രശസ്തമാണല്ലൊ.
ഇത്തരം നിരവധി ഉദാഹരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ദിവസേന എത്താറുണ്ട്. അത്തരത്തിലൊരു സംഭവത്തിന്റെ കാര്യമാണ് ക്രിസ് ഇവാന്‍സ് എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ചിരിക്കുന്നത്.
ദൃശ്യങ്ങളില്‍ രണ്ട് കുട്ടികളെയും അവരുടെ അമ്മയേയും കാണാം. ഈ കുട്ടികളില്‍ തീരെ കുഞ്ഞായ ഇളയ കുട്ടി ഒരു കളിപ്പാട്ടം വായിലിടുകയാണ്. കുട്ടികള്‍ക്കൊപ്പമുള്ള അമ്മ ഇത് കാണുന്നില്ല.
എന്നാല്‍ ഉടനടി ഇത് തിരിച്ചറിഞ്ഞ മൂത്തസഹോദരന് പെട്ടെന്നുതന്നെ തന്റെ ഇളയ സഹോദരനെ അപകടത്തില്‍ നിന്ന് രക്ഷിക്കുകയാണ്. വലിയ കുട്ടി ഇളയ ആളുടെ വായില്‍ കൈയിട്ട് ഈ കളിപ്പാട്ടം ഉള്ളില്‍ പോകാതെ പുറത്തെടുക്കുകയാണ്.
സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. നെറ്റിസണ് കുട്ടിയെ ഹീറോ ആക്കിക്കഴിഞ്ഞു. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. "സ്നേഹവും സംരക്ഷണവും' എന്നാണൊരാള്‍ കുറിച്ചത്.