മാസ്ക് ധരിക്കാതെ ദന്പതികളുടെ ഷോ; അറസ്റ്റിലായപ്പോൾ മര്യാദയായി
Monday, April 19, 2021 11:05 PM IST
മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച ദമ്പതികളുടെ വീഡിയോ വൈറലായിരുന്നു. സ്വകാര്യ വാഹനത്തിൽ മാസ്ക് വേണ്ടെന്ന് വാദിച്ച ഇരുവരും പോലീസുമായി തർക്കമായി. ഇതോടെ ഇരുവർക്കെതിരെയും പോലീസ് കേസെടുത്തു. പങ്കജ് ദത്ത ഭാര്യ അഭ ഗുപ്ത എന്നിവർക്കെതിരേയാണ് വിവിധ വകുപ്പുകളിൽ കേസെടുത്തത്.
കേസെടുത്തതിന്റെ പിന്നാലെ ഇരുവരും നല്ല കുട്ടികളായി മാസ്ക് ധരിച്ച് പോലീസ് സ്റ്റേഷനു മുന്പിൽ നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. പോലീസ് ജാമ്യമില്ല വകുപ്പ് ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് മാസ്ക് ധരിച്ചുള്ള ഫോട്ടോ വൈറലായത്.
ഞായറാഴ്ച പങ്കജിനെ അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ചയാണ് അഭയെ അറസ്റ്റ് ചെയ്തത്. ഒരു ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ ഇരുവരെയും വിട്ടിരിക്കുകയാണ്. ചൊവ്വാഴ്ച ഇവർ ജാമ്യപേക്ഷ നൽകും. ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് മാസ്ക് ധരിക്കത്തതെന്നാണ് അഭയുടെ വാദം.
കേസായതോടെ ഭാര്യയെ തള്ളിപ്പറഞ്ഞ് യുവാവ് രംഗത്തെത്തിയിരുന്നു. ‘അവൾ ചെയ്തത് തെറ്റാണ്. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കണമെന്ന് ഞാൻ വളരെക്കാലമായി ഭാര്യയോട് പറയാറുണ്ട്, പക്ഷേ അവൾ മാസ്ക് ധരിക്കാന്‍ വിസമ്മതിക്കും, എന്നെയും മാസ്ക് ധരിക്കാൻ അനുവദിക്കാറില്ല.’ യുവാവ് പറയുന്നു.