ഗൂഗിൾ മാപ്പ് പറ്റിച്ചു; വരൻ വഴിതെറ്റി ചെന്നത് മറ്റൊരു വിവാഹ നിശ്ചയ ചടങ്ങിൽ!
Saturday, April 10, 2021 11:13 PM IST
ഗൂഗിൾ മാപ്പ് ശരിയായ വഴി കാണിക്കുക മാത്രമല്ല, ചിലപ്പോൾ വലിയ കുഴിയിലും ചാടിക്കും. ഗൂഗിൾ മാപ്പ് നോക്കിപ്പോയി കാർ കുളത്തിലും ഇടുങ്ങിയ വഴിയിലുമൊക്കെ കുടുങ്ങിപ്പോയ സംഭവം നേരത്തെ വാർത്തകളിൽ ഇടംനേടിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത ക്വാലാലംപൂരിൽ നിന്നാണ്.
ഗൂഗിൽ മാപ്പ് നോക്കി പുറപ്പെട്ട വരനും സംഘവും വീട് മാറിക്കയറിയ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. വരൻ ചെന്നുകയറിയത് വിവാഹനിശ്ചയം നടക്കുന്ന മറ്റൊരു വീട്ടിലേക്കാണ്.
വരൻ ചെന്നുകയറിയത് വിവാഹനിശ്ചയം നടക്കുന്ന മറ്റൊരു വീട്ടിലേക്കാണ്. എന്നാൽ വരന്റെ ബന്ധുക്കളുടെ കൂടെ വന്നവരിൽ ആർക്കും പരസ്പരം അറിയാതെ വന്നതോടെയാണ് സംഗതി പുറത്തായത്. ഒരു ഗ്രാമത്തിൽ നടക്കുന്ന വിവാഹവീടുകൾ തമ്മിൽ പരസ്പരം മാറിപ്പോകുകയായിരുന്നു. വഴിതെറ്റി വരനും സംഘവും എത്തിയത് ഉൾഫ എന്ന 27കാരിയുടെ വിവാഹ നിശ്ചയ ചടങ്ങിലാണ്.
എന്നാൽ ഉൾഫ സംഭവം ഒന്നും അറിഞ്ഞില്ലത്രേ. അണിഞ്ഞ് ഒരുങ്ങിക്കൊണ്ടിരുന്ന സമയത്തായിരുന്നു വരന്റെയും ബന്ധുക്കളുടെയും വരവ്. വീട്ടിൽ നിന്നു ചമ്മിയ ചിരിയോടെ സമ്മാനങ്ങളുമായി ഇറങ്ങി പോകുന്ന വരന്റേയും ബന്ധുക്കളുടേയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഉൾഫയുടെ വീട്ടുകാരുടെ സഹായത്തോടെയാണ് പിന്നീട് വരൻ ശരിയായ വധുവിന്റെ വീട് കണ്ടെത്തിയത്.