ഇൻഡിയിലൂടെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ ശ്രദ്ധ നേടിയ റിവർ മൊബിലിറ്റി പുതിയ മോഡലുമായി എത്തുന്നതായി റിപ്പോർട്ട്. നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്ന പുതിയ മോഡലിന്റെ ചിത്രങ്ങൾ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
ഇതോടെയാണ് വാഹനലോകത്ത് റിവറിന്റെ അടുത്ത നീക്കത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമായത്. ഡിസൈൻ, ഫീച്ചറുകൾ, റേഞ്ച് തുടങ്ങിയവയിൽ എന്ത് മാറ്റമാണ് റിവർ വരുത്തിയിരിക്കുന്നതെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ആർഎക്സ്02, ആർഎക്സ്03 എന്നീ കോഡ് നാമങ്ങളിൽ രണ്ട് മോഡലുകൾ വികസിപ്പിക്കുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ പുറത്തുവന്ന ചിത്രങ്ങളിലുള്ള സ്കൂട്ടർ ആർഎക്സ്02 ആയിരിക്കാമെന്നാണ് റിപ്പോർട്ടുകൾ.
നിലവിലെ ഇൻഡിയെ അപേക്ഷിച്ച് വലുപ്പം കുറഞ്ഞ രൂപത്തിലാണ് പുതിയ സ്കൂട്ടർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതിന്റെ അന്തിമ ഡിസൈനും പേരും കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഇൻഡിയുടെ ഡിസൈൻ സ്വാധീനം
പുറത്തുവന്ന ചിത്രങ്ങൾ പരിശോധിക്കുമ്പോൾ നിലവിലെ ഇൻഡിയുമായി പുതിയ മോഡലിന് ചില സാമ്യങ്ങളുണ്ട്. ഫ്ലാറ്റ് ഫ്ലോർബോർഡ്, ഇരട്ട റിയർ ഷോക്ക് അബ്സോർബറുകൾ, സ്വിംഗ് ആം, പിൻ ഇൻഡിക്കേറ്ററുകൾ എന്നിവ ഇൻഡിയിൽനിന്ന് നിലനിർത്തിയതായി കാണാം.
എന്നാൽ പിൻഭാഗത്തെ ടെയിൽ ലാമ്പിന് പുതിയ ഡിസൈനാണ് നൽകിയിരിക്കുന്നത്. പുതിയ മോഡലിൽ ഉയരം കൂടിയ വിൻഡ്സ്ക്രീനും ശ്രദ്ധേയമാണ്. ഇൻഡിയിൽനിന്ന് വ്യത്യസ്തമായി കൂടുതൽ ഒതുക്കമുള്ള ബോഡി ഡിസൈനാണ് പുതിയ മോഡലിനുള്ളതെന്ന് ചിത്രങ്ങളിൽനിന്ന് വ്യക്തമാകുന്നു.
പിൻഭാഗത്ത് ടോപ് ബോക്സ് ഉൾപ്പെടെയുള്ള ലഗേജ് സംവിധാനങ്ങൾ ഘടിപ്പിക്കാൻ സഹായിക്കുന്ന തരത്തിലുള്ള ഗ്രാബ് റെയിലുകളും ചിത്രങ്ങളിൽ കാണാം.
ബാറ്ററിയിലും റേഞ്ചിലും മാറ്റമുണ്ടാകുമോ?
പുതിയ സ്കൂട്ടറിന്റെ ബാറ്ററി ശേഷി, മോട്ടോർ, റേഞ്ച്, പരമാവധി വേഗം എന്നിവ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എങ്കിലും ഇൻഡിയെക്കാൾ വലുപ്പം കുറഞ്ഞ മോഡലായിരിക്കുമെന്ന വിലയിരുത്തലിൽ ചെറിയ ബാറ്ററി പാക്കും കുറഞ്ഞ പവർ ഔട്ട്പുട്ടുമാകാനാണ് സാധ്യത.
നിലവിലെ റിവർ ഇൻഡിക്ക് 4 kWh ബാറ്ററിയാണുള്ളത്. ഏകദേശം 160 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഐഡിസി റേഞ്ച്. 90 കിലോമീറ്റർ പരമാവധി വേഗവും 55 ലിറ്റർ ആകെ സ്റ്റോറേജ് സൗകര്യവും ഇൻഡിയുടെ പ്രധാന ആകർഷണങ്ങളാണ്.
പുതിയ മോഡലിൽ ഈ സവിശേഷതകളിൽ എന്തൊക്കെ നിലനിർത്തുമെന്നും എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്നും കാത്തിരുന്ന് കാണണം.
വില
ഇൻഡിയെക്കാൾ കുറഞ്ഞ വിലയിൽ പുതിയ മോഡൽ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താനുള്ള ഈ നീക്കം റിവറിന്റെ വിപണി സാന്നിധ്യം വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ.
2027ൽ വിപണിയിലെത്തിയേക്കും
പുതിയ മോഡലുകൾക്കായുള്ള വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് കമ്പനി നേരത്തേ വ്യക്തമാക്കിയിരുന്നു. 2026 മാർച്ചിൽ റിവർ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് മണി അടുത്ത മോഡൽ 2027ന്റെ ആദ്യ പാദത്തിൽ അവതരിപ്പിക്കാനാണ് പദ്ധതിയെന്ന് അറിയിച്ചിരുന്നു.