മുംബൈ: പഴയ പ്രിയപ്പെട്ട ശീതള പാനീയ ബ്രാൻഡുകളുടെ മൂല്യം ഇന്ത്യൻ കോർപറേറ്റ് ലോകം വീണ്ടും തിരിച്ചറിയുന്നതായി തോന്നുന്നു. ‘കംപ’ (Campa) മുതൽ ‘ഗോൾഡ് സ്പോട്ട്’ (Gold Spot) വരെ, ഒരുകാലത്ത് ഇന്ത്യൻ വീടുകളിൽ ഇടംപിടിച്ച ബ്രാൻഡുകളെ കന്പനികൾ തിരികെ കൊണ്ടുവരുന്നു. പരിചിതമായ ഈ പേരുകൾക്ക് പുതിയ ഉപഭോക്താക്കളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അവർ ഇത്തരമൊരു നീക്കം നടത്തുന്നത്.
26 വർഷങ്ങൾക്ക് ശേഷം ‘ഗോൾഡ് സ്പോട്ട്’ എന്ന ഓറഞ്ച് ഫ്ലേവർ ശീതളപാനീയം തിരികെയെത്തിക്കാൻ പദ്ധതിയുമായി കൊക്കകോള.
വിലനിർണയം, വിതരണം, നിക്ഷേപം എന്നിവയുടെ ശരിയായ മിശ്രിതത്തിലൂടെ ഒരു പഴയ ഇന്ത്യൻ സോഫ്റ്റ് ഡ്രിങ്ക് ബ്രാൻഡിന് എങ്ങനെ പുതിയ വിപണി കണ്ടെത്താനാകുമെന്ന് റിലയൻസ് കാണിച്ചുതന്നതോടെയാണ് ഗോൾഡ് സ്പോട്ടിനെ തിരിച്ചുവരവ് പദ്ധതി.
1952ലാണ് പാർലെ ഗോൾഡ് സ്പോട്ട് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 1993ൽ പാർലെ ബിസ ലേരിയുടെ ഉടമ രമേശ് ചൗഹാനിൽനിന്ന തംസ് അപ്പ്, ലിംക എന്നിവയ്ക്കൊപ്പം കൊക്കകോളയുടെ ഇന്ത്യൻ വിഭാഗം ഗോൾഡ് സ്പോട്ടും വാങ്ങി. എന്നാൽ, സ്വന്തം ആഗോള ബ്രാൻഡായ ഫാന്റയ്ക്ക് വഴിമാറുന്നതിനായി 2000ൽ വിപണിയിൽനിന്നു പിൻവലിക്കുകയും ചെയ്തു. 1993ൽ കൊക്കകോള ബ്രാൻഡുകൾ ഏറ്റെടുത്തപ്പോൾ ഇന്ത്യയുടെ സോഫ്റ്റ് ഡ്രിങ്ക്സ് വിപണിയുടെ ഏകദേശം 70% ഗോൾഡ് സ്പോട്ട് കൈയടക്കിയിരുന്നു.
പുതിയ തന്ത്രം
നിലവിലുള്ള ഫാന്റയുമായി നേരിട്ടുള്ള മത്സരം ഒഴിവാക്കാൻ കുറഞ്ഞ പഞ്ചസാരയടങ്ങിയതോ അല്ലെങ്കിൽ പഞ്ചസാരയില്ലാത്തതോ ആയ രീതിയിലാണ് പുതിയ ഗോൾഡ് സ്പോട്ട് കൊക്കകോള വിപണിയിലെത്തിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കംപയുടെ തിരിച്ചുവരവ് മത്സരം ശക്തമാക്കി
2022ൽ റിലയൻസ് ഏറ്റെടുത്ത കംപ 2023ൽ വിപണിയിൽ പുനരവതരിപ്പിച്ചു. അതിനുശേഷം ബ്രാൻഡ് റിലയൻസ് കണ്സ്യൂമർ പ്രോഡക്ട്സിന്റെ (ആർസിപിഎൽ) പാനീയ ബിസിനസിന്റെ ഒരു പ്രധാന ഭാഗമായി വളർന്നു. കന്പനിയുടെ കണക്കുകൾ പ്രകാരം, 2025-2026 സാന്പത്തികവർഷത്തിൽ ഇത് 4,700 കോടിയിലധികം രൂപ മൊത്ത വിൽപന നടത്തി. പ്രധാന വിപണികളിൽ രണ്ടക്ക വിപണി വിഹിതമുള്ള ഇന്ത്യയിലെ നാലാമത്തെ വലിയ കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സ് ബ്രാൻഡായി മാറി.
കുറഞ്ഞ വിലയിലുള്ള വിപണനതന്ത്രമാണ് കംപയുടെ വിപണി തന്ത്രത്തിൽ റിലയൻസ് പ്രയോഗിച്ചത്. 10 രൂപ അടിസ്ഥാനവിലയിലെത്തിയ ഉത്പന്നം വൻ കന്പനികളോട് മത്സരിക്കാൻ സഹായിച്ചു. ഇതോടെ സമാനമായി വിലയിൽ ചെറിയ പായ്ക്കുകളിൽ കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സ് ഇറക്കാൻ കൊക്കകോളയും പെപ്സിയും നിർബന്ധിതരായി.
കംപ, ലഹോരി ജീര എന്നിവയുടെ നേതൃത്വത്തിൽ ചെറുകിട ശീതളപാനീയങ്ങളുടെ സംയുക്ത വിപണിവിഹിതം 2025 ജനുവരി-സെപ്റ്റംബർ കാലയളവിൽ മുൻവർഷത്തെ ഏഴു ശതമാനത്തിൽനിന്ന് 15 ശതമാനമാക്കി ഉയർത്തി. എന്നാൽ ഇതേ കാലയളവിൽ കൊക്കകോളയുടെയും പെപ്സികോയുടെയും സംയുക്ത വിപണിവിഹിതം 93 ശതമാനത്തിൽ നിന്ന് 85 ശതമാനമായി കുറഞ്ഞിരുന്നു.
കൃത്യമായ വിലനിർണയത്തിന്റെയും വിതരണ ശൃംഖലയുടെയും പിന്തുണയുണ്ടെങ്കിൽ പഴയകാല ബ്രാൻഡുകൾക്ക് എങ്ങനെ വിപണിയിലേക്ക് ശക്തമായി തിരിച്ചുവരാൻ സാധിക്കുമെന്നതിന്റെ ഉദാഹരണമാണ് കംപുടെ വളർച്ച കൊക്കകോളയ്ക്ക് നൽകുന്നത്.