ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളം, കര്‍ണാടക, തമിഴ്നാട്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് കര്‍ഷകരുടെ പ്രധാന ഉപജീവനമാര്‍ഗമാണ് തേയില, കാപ്പി, റബര്‍ എന്നീ തോട്ടവിളകള്‍. എന്നാല്‍, ഈ വിളകളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ സംസ്കരിച്ച് വില്ക്കുമ്പോള് ലഭിക്കുന്ന വരുമാനത്തിന്റെ ആദായനികുതി ബാധ്യത ഒരേ രീതിയിലല്ല നിര്‍ണയിക്കുന്നത്. ഓരോ വിളയുടെയും സംസ്കരണരീതിയും ആദായനികുതി നിയമത്തിലെ പ്രത്യേക വ്യവസ്ഥകളും ഇതില്‍ നിര്‍ണായകമാണ്.
തോട്ടവിളകളും നികുതി നിയമങ്ങളും
കാര്‍ഷിക പ്രവര്‍ത്തനത്തോടൊപ്പം ഉത്പന്നങ്ങളുടെ സംസ്കരണവും നടത്തുമ്പോള്‍ വരുമാനത്തിന്റെ കാര്‍ഷിക-വ്യാപാര ഘടകങ്ങള്‍ വേര്‍തിരിക്കുന്നതിന് ആദായനികുതി നിയമത്തില്‍ പ്രത്യേക വ്യവസ്ഥകളുണ്ട്.
തേയില: തേയില കൃഷി ചെയ്ത് സംസ്കരിച്ച് വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനം കാര്‍ഷിക വരുമാനമായും 40 ശതമാനം ബിസിനസ് വരുമാനമായും കണക്കാക്കുന്നു.
കാപ്പി: കാപ്പി കൃഷി ചെയ്ത് ഉണക്കി വില്ക്കുമ്പോള് വരുമാനത്തിന്റെ 75 ശതമാനം കാര്‍ഷിക വരുമാനവും 25 ശതമാനം ബിസിനസ് വരുമാനവുമാണ്. എന്നാല്‍, കാപ്പിക്കുരു വറുത്ത് പൊടിച്ച് വില്ക്കുകയാണെങ്കില് 60 ശതമാനം കാര്‍ഷിക വരുമാനവും 40 ശതമാനം ബിസിനസ് വരുമാനവുമായി കണക്കാക്കും.
റബറും ചട്ടങ്ങളും
റബറിന്റെ കാര്യത്തില്‍ ചില പ്രത്യേക വ്യാവസായിക ഉത്പന്നങ്ങളുടെ വരുമാനത്തില്‍ 65 ശതമാനം കാര്‍ഷിക വരുമാനമായും 35 ശതമാനം ബിസിനസ് വരുമാനമായും കണക്കാക്കണമെന്നാണ് ചട്ടം. സെന്‍ട്രിഫ്യൂജ് ചെയ്ത ലാറ്റക്സ് (സെനക്സ്), ചില പ്രത്യേകതരം ക്രീപ്പ് റബര്‍, സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മിക്കുന്ന ബ്ലോക്ക് റബര്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ വരുന്നത്.
ലാറ്റക്സിനെ സെന്‍ട്രിഫ്യൂജ് യന്ത്രത്തിലൂടെ കടത്തിവിട്ടാണ് സെന്‍ട്രിഫ്യൂജ് ലാറ്റക്സ് അഥവാ സെനക്സ് തയാറാക്കുന്നത്. ഇതിലൂടെ അധിക ജലാംശം വേര്‍തിരിച്ച് റബറിന്റെ അംശം വര്‍ധിപ്പിക്കുന്നു. ക്രീപ്പ് റബറിന്റെയും ബ്ളോക്ക് റബറിന്റെയും നിര്‍മാണവും സമാനമായ വ്യാവസായിക പ്രക്രിയയിലൂടെയാണു നടക്കുന്നത്.
എന്നാല്‍, കര്‍ഷകര്‍ സാധാരണയായി തയാറാക്കുന്ന റബര്‍ ഷീറ്റുകള്‍ (റിബ്ഡ് സ്മോക്ക്ഡ് ഷീറ്റ് - RSS) ഈ പ്രത്യേക വ്യവസ്ഥയില്‍ ഉള്‍പ്പെടുന്നില്ല. റബര്‍ മരങ്ങളില്‍നിന്ന് ശേഖരിക്കുന്ന സ്വാഭാവിക ലാറ്റക്സില്‍ ആസിഡ് ചേര്‍ത്ത് ഉറയൊഴിക്കുകയും കട്ടിയായ റബര്‍ പാല് റോളറുകളിലൂടെ കടത്തിവിട്ട് ഷീറ്റുകളാക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഷീറ്റുകള്‍ കഴുകി ഉണക്കി പുകയടിപ്പിക്കുന്നു. ഇങ്ങനെയാണ് സാധാരണ ഷീറ്റുകള്‍, പ്രത്യേകിച്ച് RSS4, തയാറാക്കുന്നത്.
ലാറ്റക്സ് കേടുകൂടാതെ സൂക്ഷിക്കാനും വിപണിയില്‍ വില്ക്കാന് അനുയോജ്യമായ രൂപത്തിലാക്കാനും മാത്രമാണ് കര്‍ഷകര്‍ ഇങ്ങനെ ചെയ്യുന്നത്. ഇതിലൂടെ ലാറ്റക്സിന്റെ അടിസ്ഥാന കാര്‍ഷിക സ്വഭാവം മാറി പുതിയൊരു വ്യാവസായിക ഉത്പന്നം സൃഷ്ടിക്കപ്പെടുന്നില്ല. കൃഷിയില്‍നിന്ന് ലഭിച്ച ഉത്പന്നം വിപണനം ചെയ്യുന്നതിനുള്ള സാധാരണ സംസ്കരണമാണ് നടക്കുന്നത്. അതിനാല്‍ റബര്‍ പാല് ഷീറ്റുകളാക്കി വില്‍ക്കുന്നു എന്ന കാരണത്താല്‍ വരുമാനത്തിന്റെ 35 ശതമാനം ബിസിനസ് വരുമാനമായി കണക്കാക്കാന്‍ കഴിയില്ല.
ട്രൈബ്യൂണല്‍ വിധി
റബര്‍ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസവും വ്യക്തതയും നല്‍കുന്നതാണ് ചെന്നൈ ആദായനികുതി അപ്പലെറ്റ് ട്രൈബ്യൂണലിന്റെ (ITAT) സുപ്രധാന വിധി (Mrs. Sisily Jose v. ITO, Non-corporate Ward-19(4), Chennai, ITA No. 1637/Chny/2025). സ്വന്തം തോട്ടത്തില്‍ നിന്ന് ലാറ്റക്സ് ശേഖരിച്ച് സാധാരണ ഷീറ്റുകളാക്കി വിറ്റ കര്‍ഷകയുടെ വരുമാനത്തിന്റെ 35 ശതമാനം ബിസിനസ് വരുമാനമായി കണക്കാക്കിയ ആദായനികുതി വകുപ്പിന്റെ നടപടിയെയാണ് ട്രൈബ്യൂണല്‍ തിരുത്തിയത്.
ലാറ്റക്സ് ഉറയൊഴിച്ച് ഷീറ്റുകളാക്കി പുകയടിപ്പിക്കുന്നത് ഉത്പന്നം വിപണനത്തിന് അനുയോജ്യമാക്കുന്നതിനുള്ള സാധാരണ സംസ്കരണ നടപടികളാണെന്ന് നിരീക്ഷിച്ചു. മാത്രമാണെന്നും ചട്ടങ്ങളില്‍ പറയുന്ന പ്രത്യേക വ്യാവസായിക ഉത്പാദനവുമായി ഇവയെ താരതമ്യം ചെയ്യാനാവില്ലെന്നും വ്യക്തമാക്കി. റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സാങ്കേതിക വിശദീകരണം പരിഗണിച്ച ട്രൈബ്യൂണല്‍, ഷീറ്റുകളുടെ വില്പനയിലൂടെയുള്ള വരുമാനം പൂര്‍ണമായും കാര്‍ഷിക വരുമാനമായി കണക്കാക്കി നികുതിയിളവ് അനുവദിക്കാനും ഉത്തരവിട്ടു.
ആദായനികുതി പ്രകാരം, സ്വന്തം റബര്‍ തോട്ടത്തില്‍നിന്ന് ലഭിക്കുന്ന ലാറ്റക്സ് ഉപയോഗിച്ച് സാധാരണ രീതിയില്‍ റബര്‍ ഷീറ്റുകള്‍ തയാറാക്കി വില്‍ക്കുന്ന കര്‍ഷകരുടെ വരുമാനം പൂര്‍ണമായും കാര്‍ഷിക വരുമാനമാണ്. അതിന് ആദായ നികുതി അടയ്ക്കേണ്ടതില്ല.
(അവലംബം: ആദായ നികുതി നിയമം 1961,വകുപ്പ് 2(IA), 10(I), ചട്ടം 7A, 7B, 8. ആദായ നികുതി നിയമം 2025, വകുപ്പ് 2(5), 11, പട്ടിക II, ചട്ടം 271)