മുംബൈ: കഴിഞ്ഞയാഴ്ച അഞ്ചിൽ നാലു ദിവസവും ലാഭത്തിലായിരുന്ന ഇന്ത്യൻ ഓഹരിവിപണി പുതിയ ആഴ്ച വലിയ വീഴ്ചയോടെ തുടങ്ങി.
നിക്ഷേപകർ ലാഭമെടുപ്പിലേക്കു കടന്നതും ബാങ്കിംഗ് ഓഹരികളിലുണ്ടായ വില്പനയുമാണ് ഇന്നലെ ഇടിവിനു കാരണമായത്. കൂടാതെ ഓട്ടോമൊബൈൽ, മെറ്റൽ ഓഹരികളും ഇന്നലെ കനത്ത വിൽപ്പന സമ്മർദം നേരിട്ടു.
സെൻസെക്സ് 1484 പോയിന്റ് (1.77%) താഴ്ന്ന് 82,436ലും നിഫ്റ്റി 50 സൂചിക 451 പോയിന്റ് (1.75%) നഷ്ടത്തിൽ 25,350ലും വ്യാപാരം പൂർത്തിയാക്കി.
പ്രധാന സൂചികകളിലുണ്ടായ തളർച്ച വിശാല വിപണികളിലേക്കും വ്യാപിച്ചു. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകളിൽ വലിയ ഇടിവുണ്ടായി. ഈ വിൽപ്പന സമ്മർദം നിക്ഷേപകരുടെ സന്പത്തിൽ 5.24 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടാക്കുകയും ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ കന്പനികളുടെ ആകെ വിപണി മൂല്യം 508 ലക്ഷം കോടി രൂപയായി കുറയുകയും ചെയ്തു.
മേഖലാ സൂചികകളിൽ ഐടിക്കു മുന്നേറ്റം
മേഖലാ സൂചികകളിൽ നിഫ്റ്റി പിഎസ്യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, മെറ്റൽ, ഓട്ടോമൊബൈൽ ഓഹരികളിലുണ്ടായ കനത്ത വിൽപ്പനയാണ് നഷ്ടത്തിന്റെ തോത് ഉയർത്തിയത്. പിഎസ് യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, മെറ്റൽ സൂചികകൾ മൂന്നു ശതമാനത്തിൽ മുകളിൽ താഴന്നാണ് ക്ലോസ് ചെയ്തത്.
സൂചികകൾ കനത്ത നഷ്ടത്തിലായിരികുന്പോഴും ഒരു ശതമാനത്തിലേറെ നിഫ്റ്റി ഐടി മുന്നേറി. നിഫ്റ്റി റിയൽറ്റി, കണ്സ്യൂമർ ഡ്യൂറബിൾസ് സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
വിപണിയുടെ നഷ്ടത്തിനു കാരണങ്ങൾ
നിക്ഷേപകരുടെ ലാഭമെടുപ്പ്: ഈ മാസം നിഫ്റ്റി 10 ശതമാനത്തിലധികം ഉയരുകയും 2020നുശേഷമുള്ള ഏറ്റവും മികച്ച മാസമായി മാറാനുള്ള കുതിപ്പിലായിരിക്കുകയും ചെയ്തതിനു ശേഷമാണ് ഈ ഇടിവ് ഉണ്ടായിരിക്കുന്നത്. ഉയർന്ന നിലവാരത്തിൽ എത്തിയപ്പോൾ നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതാണ് ഇതിന് കാരണം.
വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ തിരിച്ചുവരവ് വിപണിയുടെ ഗതിയെത്തന്നെ മാറ്റിയതോടെ ഇന്ത്യൻ ഓഹരി വിപണി മുൻപത്തെ റിക്കാർഡ് ഉയരങ്ങളിലേക്ക് അടുക്കുകയാണ്. നിഫ്റ്റി 50 അതിന്റെ എക്കാലത്തെയും ഉയർന്ന നിരക്കായ 26,373.20നേക്കാൾ രണ്ടു ശതമാനത്തിലധികം മാത്രം താഴെയാണിപ്പോൾ, സെൻസെക്സ് അതിന്റെ റിക്കാർഡ് ഉയരമായ 86,159നേക്കാൾ മൂന്നു ശതമാനത്തിൽ താഴെ മാത്രമാണ് അകലെയുള്ളത്.
യുഎസ് ഫെഡ് പലിശ നിരക്ക് വർധന സംബന്ധിച്ച ആശങ്ക: സിഎംഇയുടെ ഫെഡ്വാച്ച് ടൂൾ പ്രകാരം, ഫെഡറൽ റിസർവിന്റെ ഡിസംബർ നയയോഗത്തിൽ പലിശ നിരക്ക് വർധിപ്പിക്കാൻ 93% സാധ്യതയാണ് വിപണികൾ ഇപ്പോൾ കണക്കാക്കുന്നത്. യുഎസ് പണനയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ സ്വർണ-വെള്ളി വിപണിക്കു നിർണായക ഘടകമായി തുടരുന്നു.
ബുധനാഴ്ച പുറത്തുവരാനിരിക്കുന്ന യുഎസ് പേഴ്സണൽ കണ്സംപ്ഷൻ എക്സ്പെൻഡിച്ചർ ഡാറ്റയ്ക്കായി നിക്ഷേപകർ ഇപ്പോൾ കാത്തിരിക്കുകയാണ്.
യുഎസ് ഫെഡ് പലിശനിരക്ക് വർധിപ്പിക്കുന്നത് അമേരിക്കൻ ആസ്തികളെ കൂടുതൽ ആകർഷകമാക്കുകയും, ഇന്ത്യൻ ഓഹരികളിൽ നിന്ന് പണം പിൻവലിച്ച് യുഎസ് വിപണികളിലേക്ക് മാറ്റാൻ വിദേശ നിക്ഷേപകരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഇത് വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങളുടെ പുറത്തേക്കുള്ള ഒഴുക്കിന് കാരണമാകുകയും രൂപയുടെ മൂല്യം ദുർബലമാക്കുകയും ഇറക്കുമതി ചെലവുകളും പണപ്പെരുപ്പവും വർധിപ്പിക്കുകയും കടമെടുക്കൽ ചെലവുകൾ ഉയർത്തുകയും ഇന്ത്യൻ ഓഹരികളുടെ മൂല്യനിർണയത്തിൽ സമ്മർദം ചെലുത്തുകയും ചെയ്യും.
വൻ നഷ്ടം നേരിട്ട് ബാങ്ക് ഓഹരികൾ
കഴിഞ്ഞ വ്യാഴാഴ്ച ചരിത്രത്തിൽ ആദ്യമായി 63000 പോയിന്റ് എന്ന റിക്കാർഡ് നാഴികക്കല്ല് പിന്നിട്ട നിഫ്റ്റി ബാങ്ക് സൂചിക ഇന്നലെ കൂപ്പുകുത്തി. വ്യാപാരത്തിലുടനീളം ബാങ്കിംഗ് ഓഹരികളിലുണ്ടായ കനത്ത വിൽപ്പന സമ്മർദം രൂക്ഷമായതോടെ നിഫ്റ്റി ബാങ്ക് സൂചിക 2000ലേറെ ( 3.17 %) ഇടിഞ്ഞു. സൂചികയിലെ 14 ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
എച്ച്ഡിഎഫ്സി ബാങ്ക്, യൂണിയൻ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, ഫെഡറൽ ബാങ്ക്, കനറ ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടവ.
പൊതുമേഖല ബാങ്ക്, പ്രൈവറ്റ് ബാങ്ക് ഓഹരികൾ യഥാക്രമം 3.25 ശതമാനവും 3.19 ശതമാനവും ഇടിഞ്ഞു.
ഇന്ന് അവധി
ഗുരു നാനാക് ജയന്തി പ്രമാണിച്ച് ഓഹരിവിപണിക്ക് ഇന്ന് അവധിയാണ്.