ഹൈസ്കൂൾ വിദ്യാർഥികൾക്കായി അന്താരാഷ്ട്ര തലത്തിൽ നടത്തപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഗണിതശാസ്ത്ര മത്സരമാണ് ഗണിതശാസ്ത്ര ഒളിന്പ്യാഡ് അഥവാ ഐഎംഒ. റൊമേനിയയിൽ 1959 ൽ നടന്ന ആദ്യ ഒളിന്പ്യാഡിൽ വെറും ഏഴു രാജ്യങ്ങൾ മാത്രം പങ്കെടുത്തപ്പോൾ 2019 ൽ ബ്രിട്ടനിൽ നടക്കുന്ന അറുപതാമത്തെ ഒളിന്പ്യാഡിന്റെ അന്തിമ ഘട്ടത്തിൽ 140 ഓളം രാജ്യങ്ങളിലെ കൊച്ചു മിടുക്കന്മാരും മിടുക്കികളുമാണ് മാറ്റുരയ്ക്കുന്നത്.
ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുമായി എത്തുന്ന ബാലപ്രതിഭകൾ പങ്കെടുക്കുന്ന അന്താരാഷ്ട്ര ഒളിന്പ്യാഡിലേക്കുള്ള പ്രവേശനം വിവിധ ഘട്ടങ്ങളിലെ മത്സരങ്ങളിലൂടെയാണ് തീരുമാനിക്കപ്പെടുന്നത്. അതിസങ്കീർണമായ ഗണിതതത്വങ്ങളിലും സൂത്രവാക്യങ്ങളിലും ഉള്ള വെറും സാങ്കേതികമായ സാമർഥ്യമല്ല, മറിച്ച് ഗണിതപ്രശ്നങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് യുക്തിപരമായി അത് പരിഹരിക്കാനുള്ള ഒരു വിദ്യാർഥിയുടെ ചിന്താശക്തിയാണ് ഇവിടെ ഉരച്ചുനോക്കപ്പെടുന്നത്. ഗണിതശാസ്ത്ര ഒളിന്പ്യാഡിലെ പല വിജയികളും ഗണിതശാസ്ത്ര നൊബേൽ പ്രൈസ് എന്നറിയപ്പെടുന്ന ഫീൽഡ്സ് മെഡലിനുവരെ അർഹരായിട്ടുണ്ടെന്നുള്ളത് ഒളിന്പ്യാഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ സാധൂകരിക്കുന്നതാണ്. ഇതൊക്കെ കേട്ടിട്ട് ഒന്നു പങ്കെടുത്തുകളയാം എന്ന് തോന്നുന്നുണ്ടോ? എങ്കിൽ പുതിയ പ്രശ്നപരിഹാര മാർഗങ്ങൾ തേടാൻ ഭയപ്പെടാത്ത, ഗണിതം ആസ്വദിക്കുന്ന സമർഥർക്ക് 2020 ലെ ഒളിന്പ്യാഡിന് തയാറെടുക്കാനുള്ള സമയം എത്തിയിരിക്കുന്നു.
എട്ടു മുതൽ 12 വരെയുള്ള ക്ലാസുകളിൽ നിന്നുള്ള ഗണിതശാസ്ത്ര പ്രതിഭകളെ കണ്ടെത്താനുള്ള അന്താരാഷ്ട്ര ഗണിത ഒളിന്പ്യാഡിലേക്കുള്ള തെരഞ്ഞെടുപ്പ് പല ഘട്ടങ്ങളായാണ് നടത്തപ്പെടുന്നത്. സംസ്ഥാനതലത്തിൽ രണ്ട് ഘട്ടങ്ങളായി നടത്തപ്പെടുന്ന മത്സരങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ആറ് സമർഥരുടെ ഒരു ടീം ആണ് അന്താരാഷ്ട്ര ഗണിത ഒളിന്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.
ഭാരത സർക്കാരിന്റെ ആണവോർജ വകുപ്പിന് കീഴിലുള്ള നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സ് അഥവാ എൻബിഎച്ച്എം ആണ് ഇന്ത്യയിലെ ഗണിത ഒളിന്പ്യാഡ് മത്സരങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ബോർഡിനുവേണ്ടി ദേശീയതലത്തിലെ മത്സര ഏകോപനവും പരിശീലന ക്യാന്പുകൾ സംഘടിപ്പിക്കലും നടത്തുന്നത് മുംബൈയിലെ ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എഡ്യുക്കേഷൻ ആണ്. 2019 ലെ അന്താരാഷ്ട്ര ഗണിത ഒളിന്പ്യാഡിലേക്കുള്ള പ്രവേശന നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. 2020 ൽ നടക്കുന്ന ഒളിന്പ്യാഡിൽ പങ്കെടുക്കുന്നതിനുള്ള പടവുകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
ഒളിന്പ്യാഡിൽ പങ്കെടുക്കുന്നതിന് തത്പരരായ വിദ്യാർഥികൾ ഒബ്ജക്ടീവ് മാതൃകയിലെ 30 ചോദ്യങ്ങൾ അടങ്ങുന്ന പ്രീ റീജണൽ ഗണിത ഒളിന്പ്യാഡ് അഥവാ പിആർഎംഒ എന്ന കടന്പ ആദ്യം കടക്കണം. 11 ഓഗസ്റ്റ് 2019ന് നടത്തപ്പെടുന്ന പിആർഎംഒയുടെ സംഘാടകർ മാത്തമാറ്റിക്സ് ടീച്ചേഴ്സ് അസോസിയേഷൻ (എംടിഎ) ആണ്. എട്ടു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പങ്കെടുക്കാനുള്ള അർഹത. 2001നു ശേഷമായിരിക്കണം ജനനതീയതി. പിആർഎംഒ രജിസ്ട്രേഷനു വേണ്ടി വിദ്യാർഥികൾ രജിസ്ട്രേഷൻ കേന്ദ്രങ്ങളായ സ്കൂളുകളെ ജൂലൈ ഏഴിനുള്ളിൽ സമീപിക്കേണ്ടതാണ്. രജിസ്ട്രേഷൻ കേന്ദ്രങ്ങളുടെ പേരുവിവരങ്ങൾ പിആർഎംഒ പരീക്ഷാ വെബ്സൈറ്റിൽ ജൂണ് 15ന് ശേഷം ലഭ്യമാകും. പരീക്ഷാഫീസ് 230 രൂപ. കേന്ദ്രീയ വിദ്യാലയങ്ങളിലെയും നവോദയ വിദ്യാലയങ്ങളിലെയും വിദ്യാർഥികൾക്ക് ഫീസിൽ ഇളവുണ്ട്.
പിആർഎംഒയിലെ ഉയർന്ന മാർക്ക് നേടുന്ന 360 വിദ്യാർഥികൾക്ക് കേരളത്തിലെ റീജണൽ ഗണിത ഒളിന്പ്യാഡിൽ പങ്കെടുക്കാം. ജ്യോമട്രി, നന്പർ തിയറി, ആൾജിബ്ര തുടങ്ങിയ മേഖലകളിൽ നിന്നും (അത്ര ലളിതമല്ലാത്ത) ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്ന പരീക്ഷകൾക്ക് നിശ്ചിതമായ സിലബസ് ഒന്നും ഇല്ല. മുൻവർഷത്തെ ചോദ്യപേപ്പറുകളും സഹായകരമായ പുസ്തകങ്ങളുടെ വിവരങ്ങളും ഹോമി ഭാഭാ സെന്ററിന്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കും.
വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന റീജണൽ ഒളിന്പ്യാഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 900 വിദ്യാർഥികൾ മൂന്നാംഘട്ടമായ ഇന്ത്യൻ നാഷണൽ ഗണിതശാസ്ത്ര ഒളിന്പ്യാഡിൽ (ഐഎൻഎംഒ) പങ്കെടുക്കും. 2020 ജനുവരി 19ന് ഇന്ത്യയിലെ 28 കേന്ദ്രങ്ങളിൽ വച്ചാണ് ഇത് നടക്കുക. ഐഎൻഎംഒയിൽ നിന്നു തെരഞ്ഞെടുക്കപ്പെടുന്ന 35 വിദ്യാർഥികൾ നാലാംഘട്ടമായ അന്താരാഷ്ട്ര ഒളിന്പ്യാഡ് പരിശീലന ക്യാന്പിലെ തെരഞ്ഞെടുക്കപ്പെടും. ഇവരിലെ ആറ് സമർഥർ റഷ്യയിൽ വച്ച് നടക്കുന്ന അന്താരാഷ്ട്ര ഒളിന്പ്യാഡിൽ 2020 ൽ ഇന്ത്യയെ പ്രതിനിധീകരിക്കും.
ഒളിന്പ്യാഡ് സംബന്ധിച്ച വിശദവിവരങ്ങളും മുൻ പരീക്ഷാ ചോദ്യപേപ്പറുകളും ഹോമിഭാഭാ സെന്ററിന്റെ ഒളിന്പ്യാഡ് വെബ്സൈറ്റിൽ ലഭ്യമാണ്. ഓരോ ഘട്ടത്തിലെയും ചോദ്യങ്ങളുടെ കാഠിന്യം മുൻഘട്ടങ്ങളിലേക്കാളും കൂടുതലായിരിക്കും. ഒളിന്പ്യാഡ് പരീശലനത്തിൽ സഹായകമായ ചില പുസ്തകങ്ങളുടെ പേരുവിവരങ്ങൾ കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. (https://www.isical.ac.in/~rmo/resources.html). പ്രധാന വെബ്സൈറ്റുകൾഹോമി ഭാഭാ സെന്ററിന്റെ ഒളിന്പ്യാഡ് വെബ്സൈറ്റ്:
http://olympiads.hbese.tifr.res.in.ചോദ്യപേപ്പറുകളും പുസ്തകങ്ങളും സംബന്ധിച്ച വിവരങ്ങൾ www.isical.ac.in/~rmo/resources.html. പിആർ.എംഒ വെബ്സൈറ്റ്: www.mtai.org.in/prmo. സ്കൂളുകൾ പേര് രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ്: https://mtaexam.com.
ഡോ. കെ. വിഷ്ണു നന്പൂതിരി
(അസിസ്റ്റന്റ് പ്രഫസർ, ഗവൺമെന്റ് കോളജ്, അമ്പലപ്പുഴ)