ബോളിവുഡിൽ രണ്ടു സിനിമകളുമായി മലയാളത്തിന്‍റെ റോയൽ സിനിമാസ്
Friday, January 27, 2023 5:13 PM IST
മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നിർമാണ കമ്പനിയായ റോയൽ സിനിമാസ് ബോളിവുഡിൽ ചരിത്രമാകുന്നു. മാസ്റ്റർപീസ് എന്ന ആദ്യ ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് ഹരിശ്രീ കുറിച്ച റോയൽ സിനിമാസ് ബോളിവുഡിൽ രണ്ട് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുമായാണ് തുടക്കം കുറിക്കുന്നത്.

സൽമാൻ ഖാന്‍റെ ദബാംഗ് ത്രീ എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് ദിലീപ് ശുക്ല ദബാംഗിനുശേഷം കഥയെഴുതി സംവിധാനം ചെയ്യുന്ന ഗംഗ എന്ന ചിത്രവും ഇന്ത്യൻ സിനിമയിലെ പ്രശസ്ത നടനായിരുന്ന ജോയ് മുഖർജിയുടെ മകനും നടനും നിർമാതാവുമായ സുജോയ് മുഖർജി സംവിധാനം ചെയ്യുന്ന കൽപ്പവൃക്ഷ് എന്ന ചിത്രവുമായാണ് റോയൽ സിനിമാസ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്.

ഇന്ത്യൻ സിനിമ ചരിത്രത്തിൽ നിരവധി പ്രതിഭകളെ വാർത്തെടുത്ത മുംബൈ അന്ധേരി വെസ്റ്റിലെ ഫിലിമാലയ സ്റ്റുഡിയോയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വച്ച് എഴുത്തുകാരനും ഗാനരചയിതാവും റോയൽ സിനിമാസിന്‍റെ ഉടമയുമായ സി.എച്ച് മുഹമ്മദ് വടകരയുടെ സാന്നിധ്യത്തിൽ ബോളിവുഡിലെ പ്രശസ്തർ രണ്ട് ചിത്രങ്ങളുടെയും പോസ്റ്റർ പ്രകാശനം ചെയ്തു.

ചടങ്ങിൽ വച്ച് റോയൽ സിനിമാസും ബോളിവുഡിലെ അതികായരായ ഫിലിമാലയ സ്റ്റുഡിയോസിന്‍റെ ബാനറായ ജോയ് മുഖർജി പ്രൊഡക്ഷൻസുമായി ചേർന്ന് നിർമിക്കുന്ന മലയാളത്തിലെ ചിത്രങ്ങളുടെ പ്രഖ്യാപനവും നടന്നു. ദേശീയവും അന്തർദേശീയവുമായ പുരസ്കാരങ്ങൾ മലയാളത്തിനു നേടിത്തന്ന ശ്യാമപ്രസാദിന്‍റെ ചിത്രവും അജയ് വാസുദേവ് ഹനീഫ് അദേനി ചിത്രവും കെ.മധു എസ്.എൻ സ്വമി ചിത്രവുമാണ് ചടങ്ങിൽ പ്രഖ്യാപിച്ചത്.

ദിലീപ് ശുക്ല, പ്രശസ്ത സംഗീത സംവിധായകൻ ആനന്ദ്ജി,നീലം മുഖർജി, സുജോയ് മുഖർജി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.