ആരോഗ്യം വീണ്ടെടുത്തു; സുസ്മിത വീണ്ടും കാമറയ്ക്ക് മുന്നിൽ
Friday, April 28, 2023 12:25 PM IST
വിശ്വസുന്ദരിയായി പട്ടം ചൂടിയതിനു പിന്നാലെ വെള്ളിത്തിരയിലെത്തിയ സുസ്മിത സെന്നിന് ആരാധകരേറെയാണ് . സമീപ കാലത്ത് വീണ്ടും അഭിനയത്തിലേക്ക് താരം തിരികെ എത്തിയിരുന്നു.

വളരെ പ്രേക്ഷക ശ്രദ്ധ നേടിയ ആര്യ എന്ന വെബ് സീരിസിന്‍റെ മൂന്നാം പതിപ്പില്‍ അഭിനയിക്കുന്നതിനിടെയാണ് 47 കാരിയായ സുസ്മിത സെന്നിനു ഹൃദയാഘാതം ഉണ്ടാകുന്നത്. ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം ഇപ്പോള്‍ താരം വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് .

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സീരീസ് ആര്യയുടെ മൂന്നാം സീസണിന്‍റെ ചിത്രീകരണത്തിനായി രാജസ്ഥാനില്‍ എത്തിയപ്പോഴായിരുന്നു സുസ്മിത സെന്നിനു ഹൃദയാഘാതമുണ്ടായത്. ഇരട്ടി ശക്തിയോടെ... എന്ന കുറിപ്പോടെ താരം ആര്യ മൂന്നാം ഭാഗത്തിന്‍റെ ഷൂട്ടിംഗിനായി സെറ്റിലെത്തിയ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 35 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് സുസ്മിതയുടെ തിരിച്ച് വരവ് അറിയിച്ച് സീരിസിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇരുകൈകളിലും വാള്‍ ചുഴറ്റിയാണ് വീഡിയോയില്‍ സുസ്മിത എത്തിയിരിക്കുന്നത്.ആര്യയുടെ ജീവിതത്തിലെ മൂന്നാമത്തെ അധ്യായത്തിലൂടെ, നിര്‍ഭയയായ അമ്മയായും മകളായും ഒരു സ്ത്രീയായും മാറുമ്പോള്‍ പ്രേക്ഷകര്‍ അവളെ ഒരു പുതിയ ആക്ഷന്‍ അവതാരമായിട്ടാകും കാണുന്നതെന്ന് സുസ്മിത പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.