തമിഴക രാഷ്ട്രീയ സംഘടന രൂപീകരണത്തിൽ നിന്നും സൂപ്പർ സ്റ്റാർ രജനികാന്ത് പിന്മാറുമെന്നും ഒപ്പം പ്രഖ്യാപനം നീളുമെന്നും സൂചന. ഫാൻസ് സംഘടന രജനി മക്കൾ മാൻഡ്രത്തിന്റെ 32 ജില്ലാ സെക്രട്ടറിമാരുടെ നിർണ്ണായക യോഗത്തിലെ പൊതു താല്പര്യം അങ്ങിനെയാണെന്നാണ് അറിയുന്നത്.
ഈ യോഗത്തിൽ രജനി രാഷ്ട്രീയ പ്രവേശനം ഉടൻ പ്രഖ്യാപിക്കുമെന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വ്യക്തമായ നിലപാടെടുക്കാനോ തീരുമാനത്തിലെത്താനോ സംഘടനക്ക് കഴിഞ്ഞില്ല. അവസാനം തീരുമാനം രജനിക്ക് വിടുകയായിരുന്നു.
സൂപ്പർ സ്റ്റാർ രജനികാന്ത് ഇന്ന് നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ തന്നെയാണ് സംഘടന രൂപീകരണത്തിന് തടസ്സമാകുന്ന മുഖ്യ കാരണം എന്നാണ് അറിയുന്നത്. ഈ നിർദേശം ഡോക്ടർമാരും നൽകി കഴിഞ്ഞു. കോവിഡ് സാഹചര്യത്തിൽ ഹെവി കാറ്റഗറി വിഭാഗത്തിലാണ് രജനി. ഈ മാസം 12ന് 70വയസ്സ് പിന്നിടുകയാണ് തലൈവർ രജനിക്ക്.
2017ൽ ആണ് താൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ മുഴുവൻ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് രജനി കാന്ത് പ്രഖ്യാപിച്ചത്. എന്നാൽ പ്രഖ്യാപനം കഴിഞ്ഞു മൂന്നു വർഷങ്ങൾ പിന്നിടുമ്പോൾ ഇപ്പോഴും നിലപാടുകളുടെ "കൺഫ്യൂഷൻ' തീരാതെ തീരുമാനങ്ങൾ നീളുന്ന കാഴ്ചയാണ്. 2021 ഏപ്രിൽ, മെയ് മാസങ്ങളിലാണ് തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.
തമിഴക താര രാഷ്ട്രീയത്തിന്റെ പ്രതീക്ഷ കൾക്ക് വീണ്ടും മങ്ങലേൽക്കുകയാണ്. നടൻ വിജയ്യും രാഷ്ട്രീയം തൽക്കാലം കാത്തിരുന്നു കാണാം എന്ന കണക്ക് കൂട്ടലിലാണ്. തമിഴ്നാട്ടിലെ രണ്ടു മുഖ്യ മുന്നണികൾക്കു മുന്നിൽ താര ശോഭയിൽ മാത്രം ഒരു രാഷ്ട്രീയ സംഘടന പിടിച്ചു നിൽക്കുമോയെന്ന ചോദ്യത്തിന് ഇന്ന് തമിഴകത്ത് ഏറെ പ്രസക്തിയുണ്ട്.
പ്രേംടി. നാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.