ഇന്ത്യൻ-2ന്റെ സെറ്റിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായവുമായി കമൽഹാസൻ. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നൽകുമെന്ന് കമൽഹാസൻ പറഞ്ഞു.
സെറ്റിലുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിക്കുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷങ്കർ സംവിധാനം ചെയ്യുന്ന കമൽ ചിത്രമാണ് ഇന്ത്യൻ-2. ചെന്നൈ പൂനമല്ലിയിലെ ഇവിപി ഫിലിം സിറ്റിയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. ചിത്രീകരണത്തിനായി എത്തിച്ച കൂറ്റൻ ക്രെയിൻ മറിഞ്ഞുവീണാണ് അപകടമുണ്ടായത്. ഒരു അസിസ്റ്റന്റ് ഡയറക്ടറും രണ്ടു ലൈറ്റ് ബോയികളുമാണ് മരിച്ചത്.
സിനിമ സെറ്റിലെ അപകടം ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക സൃഷ്ടിക്കുന്നുവെന്നും കമൽ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. കോടികൾ ചെലവിട്ട് സിനിമ നിർമിക്കുന്പോഴും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സുരക്ഷ ഒരുക്കാൻ സാധിക്കാത്തതിൽ താൻ ലജ്ജിക്കുന്നുവെന്നും കമൽ പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നൽകും. ഇത് മാത്രമാണ് തനിക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്നത്. തങ്ങൾക്ക് നഷ്ടപെട്ടതിന് പരിഹാരമല്ല ഇതെന്നും കമൽ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.