കമൽഹാസൻ നായകനായി അഭിനയിക്കുന്ന ഇന്ത്യന്‍ 2 ചിത്രീകരണത്തിനിടെ ക്രെയിന്‍ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ച സംഭവം തമിഴ് സിനിമാ ലോകത്തെ ഒന്നാകെ ഇളക്കിമറിച്ചിരുന്നു. അതിന്റെ അലകൾ ഇപ്പോഴും അടങ്ങിയിട്ടില്ല. ഇപ്പോൾ നടി കസ്തൂരിയാണ് പുതിയ വിവാദ പരാമർശവുമായി എത്തിയിരിക്കുന്നത്.
അപകടവുമായി ബന്ധപ്പെട്ട് നടന് കമല്‍ഹാസനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കമൽഹാസന്റെ പാർട്ടിയായ മക്കൾനീതി മയ്യം കമലിനെ ചോദ്യം ചെയ്തതില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയതാണ് കസ്തൂരിയെ ചൊടിപ്പിച്ചത്. കമലിന്റെ പ്രശസ്തിയിൽ ഭരിക്കുന്നവർക്ക് അസ്വസ്ഥതയുണ്ടെന്നും അവർ കമലിനെ ഭീഷണിപ്പെത്താന്‍ ശ്രമിക്കുകയാണെന്നും മക്കൾനീതി മയ്യം ആരോപിച്ചിരുന്നു.
എന്നാൽ ഇതിനെതിരെ കടുത്ത വിമർശനമാണ് കസ്തൂരി ഉയർത്തിയിരിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട് മറ്റു സാക്ഷികളെ പോലീസ് ചോദ്യം ചെയ്യുന്നു. അതുപോലെ കമൽഹാസനെ ചോദ്യം ചെയ്യുന്നതിൽ എന്താണ് കുഴപ്പം. മൂന്ന് പേര് മരിച്ച അപകടവുമായി ബന്ധപ്പെട്ട് മൂന്ന് മണിക്കൂര്‍ അന്വേഷണ സംഘത്തിനൊപ്പം ചെലവിടാന്‍ കമലിന് എന്താണ് പ്രശ്നം.
ഒരു വിമാനയാത്ര നടത്തണമെങ്കില്‍ അത്രയും സമയം വിമാനത്താവളത്തില്‍ ചെലവഴിക്കാറില്ലേ. സര്‍ക്കാര്‍ ഓഫീസുകളിലും റേഷന്‍കടകളിലും സാധാരണക്കാര്‍ അതിലേറെ സമയം ചെലവഴിക്കുന്നില്ലേ. മക്കള്‍ നീതിമയ്യം എന്ന പാർട്ടിയുടെ നേതാക്കളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കാന്‍ പാടില്ലെന്നുണ്ടോ, അതോ പഞ്ചനക്ഷത്ര ഹോട്ടലിലോ എ.സി കാരവനിലോ ആണോ ചോദ്യം ചെയ്യേണ്ടത്. - കസ്തൂരി ചോദിക്കുന്നു.
അതേസമയം അന്വേഷണ സംഘം ചോദ്യം ചെയ്തതിൽ പാർട്ടിക്കുള്ളതു പോലുള്ള പ്രതിഷേധം കമലിനു വ്യക്തിപരമായി ഉണ്ടെന്നു തനിക്ക് തോന്നുന്നില്ലെന്നു കസ്തൂരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.