തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്തിന്റെ നേതൃത്വത്തിലുള്ള പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഡിസംബർ 31ന് നടക്കും. താരം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. 2021 ജനുവരി മാസത്തിൽ പാർട്ടി പ്രവർത്തനം ആരംഭിക്കുമെന്നും രജനി അറിയിച്ചിട്ടുണ്ട്.
രജനിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിരവധി വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു. അമിത് ഷായും ആർഎസ്എസ് നേതൃത്വവും ഇടപെട്ടിട്ടും അദ്ദേഹം ബിജെപിയുമായി കൈകോർക്കാൻ തയാറായിരുന്നില്ല. എന്നാൽ അഭ്യൂഹങ്ങൾ എല്ലാം അവസാനിപ്പിച്ച് വർഷാവസാനം പാർട്ടി രൂപീകരിക്കുമെന്ന് താരം ഒടുവിൽ പ്രഖ്യാപിച്ചു.
രാഷ്ട്രീയ ഉപദേശകൻ തമിഴരുവി മണിയനുമായി സൂപ്പർ താരം രാവിലെ ചർച്ച നടത്തിയിരുന്നു. പോയസ് ഗാർഡനിൽ താരത്തിന്റെ വസതിയിൽ നടന്ന ചർച്ച ഒരു മണിക്കൂറിലേറെ നീണ്ടു. രജനിയുടെ ആരോഗ്യമാണു പ്രധാനമെന്നും പാർട്ടി രൂപീകരിക്കുമോയെന്ന് അദ്ദേഹം തന്നെ പ്രഖ്യാപിക്കുമെന്നുമാണ് കൂടിക്കാഴ്ചയ്ക്കു ശേഷം മണിയൻ പറഞ്ഞത്. പിന്നാലെയാണ് രാഷ്ട്രീയ പാർട്ടി ഡിസംബർ 31ന് പ്രഖ്യാപിക്കുമെന്ന് ട്വിറ്ററിൽ രജനിയുടെ അറിയിപ്പുണ്ടായത്.
തമിഴ്നാട്ടിൽ 2021 ഏപ്രിൽ-മേയ് മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ രജനികാന്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള വരവ് തമിഴകം ഉറ്റുനോക്കുകയാണ്. തമിഴ്നാട്ടിലെ പ്രബല പാർട്ടികളായ ഡിഎംകെ, അണ്ണാ ഡിഎംകെ എന്നിവർക്ക് പുറമേ കമൽഹാസന്റെ മക്കൾ നീതി മയ്യം എന്ന പാർട്ടിയും നിലവിൽ ശക്തമായി രംഗത്തുണ്ട്. പ്രബല രാഷ്ട്രീയ കക്ഷികൾക്കിടയിൽ സൂപ്പർ താരത്തിന് എന്ത് ചലനമുണ്ടാക്കാൻ കഴിയുമെന്നാണ് രാഷ്ട്രീയ ലോകത്തിന്റെ ശ്രദ്ധ.
രജനി മക്കൾ മണ്ട്രം ജില്ലാഭാരവാഹികൾ തിങ്കളാഴ്ച സൂപ്പർസ്റ്റാർ രജനികാന്തിനെ സന്ദർശിച്ച് രാഷ്ട്രീയപാർട്ടി രൂപവത്കരണം സംബന്ധിച്ചു ചർച്ച നടത്തിയിരുന്നു. 2016-ൽ അമേരിക്കയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ രജനി ആരോഗ്യം പരിഗണിച്ച് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.