സോഷ്യൽ മീഡിയ വിടുന്നു: കാരണം വെളിപ്പെടുത്തി തൃഷ
Tuesday, June 16, 2020 8:07 PM IST
തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരുളള നായികമാരിൽ ഒരാളാണ് തൃഷാ കൃഷ്ണൻ. സിനിമാത്തിരക്കുകൾക്കിട യിലും സോഷ്യൽ മീഡിയയിലും ആക്ടീവാകാറുളള താരമാണ് തൃഷ. ലോക്ക്ഡൗണ്‍ കാലത്തും തന്‍റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവച്ച് തൃഷ എത്തിയിരുന്നു. അടുത്തയിടെ ടിക്ക് ടോക്കിൽ രസകരമായ വീഡിയോകളുമായും തൃഷ എത്തിയിരുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യൽ മീഡിയയിൽ കൂടുതൽ ആക്ടീവായിരുന്ന താരത്തിന്‍റെ പുതിയ പോസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. കുറച്ചുനാളത്തേക്ക് സമൂഹ മാധ്യമങ്ങളിൽ നിന്നും ബ്രേക്ക് എടുക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് നടി. ട്വിറ്ററിലൂടെയാണ് തൃഷ ഇക്കാര്യം പറഞ്ഞത്. തൃഷയുടെ ട്വീറ്റിന് പിന്നാലെ കമന്‍റുകളുമായി ആരാധകരും എത്തിയിരുന്നു. നടിയുടെ തീരുമാനം ആരാധകരെ ഒന്നടങ്കം നിരാശരാക്കിയിരിക്കുകയാണ്.

ഡിജിറ്റൽ ബ്രേക്കിന്‍റെ സമയമാണിതെന്നും അതിനാൽ ഇൻസ്റ്റഗ്രാം, ട്വിറ്റർ പ്ലാറ്റ്ഫോമുകൾ തൽക്കാലത്തേക്ക് നിർത്തുകയാണെന്നും അധികം വൈകാതെ തിരിച്ചെത്തുമെന്നുമാണ് തൃഷ അറിയിച്ചിരിക്കുന്നത്. ഡിജിറ്റൽ ഡിറ്റോക്സിന്‍റെ ഭാഗമാണിതെന്നും നടി കുറിച്ചിരിക്കുന്നു.

ഒരിടവേളയ്ക്ക് ശേഷം അടുത്തിടെ തൃഷ മലയാളത്തിലേക്കും തിരിച്ചെത്തിയിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം റാമിൽ തൃഷയാണ് നായിക. സിനിമയുടെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു.

ദൃശ്യത്തിന്‍റെ വിജയത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് റാം. റാമിന് പുറമെ മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയൻ ശെൽവനിലും തൃഷ അഭിനയിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.