മലയാളി ആണോയെന്നുള്ള ചോദ്യം ഒരുപാട് പേര് തന്നോട് ചോദിച്ചിട്ടുണ്ടെന്നു തെന്നിന്ത്യൻ താരസുന്ദരി തൃഷ കൃഷ്ണൻ.
“ഞങ്ങളുടേത് പാലക്കാട് അയ്യര്‍ കുടുംബമാണ്. അച്ഛന് കൃഷ്ണന് മൂവാറ്റുപുഴ സ്വദേശിയാണ്. അമ്മ ഉമയുടെ നാട് കല്പാത്തിയും. എന്നാല്‍ ഞങ്ങളുടെ കുടുംബം ചെന്നൈയിലാണ് സ്ഥിര താമസം. ഞാന്‍ ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം ചെന്നൈയില്‍ തന്നെയാണ്.
അച്ഛനും അമ്മയ്ക്കും മലയാളം അറിയാമെങ്കിലും എനിക്ക് മലയാളം സംസാരിക്കാൻ അറിയില്ല. മലയാളത്തില്‍ പറയുന്നത് മനസിലാക്കാന്‍ പറ്റും.
ഗില്ലി എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് മലയാളികള്‍ എന്നെ അറിയുകയും ഇഷ്ടപ്പെടാന്‍ തുടങ്ങിയതും. പിന്നീട് വിണ്ണൈതാണ്ടി വരുവായ എന്ന ചിത്രത്തിലെ ജെസി എന്ന കഥാപാത്രം മലയാളികളുടെ മനസില്‍ ഇഷ്ടം നേടി തന്നു.
ചെന്നൈയിലെ കോളജില്‍ ബിബിഎയ്ക്ക് പഠിക്കുന്ന സമയത്ത് ഞാന്‍ മോഡലിംഗ് ചെയ്യാറുണ്ടായിരുന്നു. ആ സമയത്ത് ഇഷ്ടപ്പെട്ട കരിയര്‍ ഏതാണെന്ന് ചോദിച്ചാല്‍ ക്രിമിനല്‍ സൈക്കോളജിസ്റ്റ് ആകണമെന്നായിരുന്നു ഞാന്‍ പറഞ്ഞിരുന്നത്. അതായിരുന്നു എന്റെ ആഗ്രഹം.
പിന്നെ മോഡലിംഗില്‍ താല്പര്യം കൂടിയതോടെ മറ്റെല്ലാം മറന്ന് അതില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. മിസ് സേലം, മിസ് ചെന്നൈ എന്നീ ബഹുമതികള്‍ ലഭിച്ചു. 2011 ലെ മിസ് ഇന്ത്യ മത്സരത്തില്‍ ബ്യൂട്ടിഫുള്‍ സ്മൈല്‍ എന്ന ബഹുമതിയും നേടാനായി.
മോഡലിംഗില്‍ തിളങ്ങി നിന്ന സമയത്ത് ഒരുപാട് പരസ്യചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. കാഡ്ബറീസ് ഉള്‍പ്പെടെ നൂറിലധികം കമ്പനികളുടെ പരസ്യ ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പ്രിയദര്ശന് സാറിന്റെ 'ലേസാ ലേസാ' എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ആ സിനിമയുടെ റിലീസ് വൈകി.
ആ സമയത്താണ് ഞാന്‍ ചെറിയ റോളില്‍ അഭിനയിച്ച ജോഡി എന്ന ചിത്രം റിലീസാകുന്നത്. അതിന് ശേഷമാണ് സൂര്യയോടൊപ്പം 'മൗനം പേശിയതേ' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ നിരവധി ഹിറ്റ് സിനിമകളൊരുക്കിയ പ്രശസ്ത സംവിധായകരില്‍ ഒരാളായ പ്രിയദര്ശന് സാറിന്റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിച്ച ലേസാ ലേസാ എനിക്ക് പ്രശസ്തി നേടി തരുമെന്ന വിശ്വാസം ഉണ്ടായിരുന്നു.
മലയാളത്തില്‍ വന്‍ വിജയം നേടിയ സമ്മര്‍ ഇന്‍ ബത്ലഹേമിന്റെ റീമേക്കായ ഈ ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച റോളിലാണ് ഞാന്‍ അഭിനയിച്ചത്. എന്നെ ബോളിവുഡില്‍ പരിചയപ്പെടുത്തുന്നതും പ്രിയദര്ശന് സാറാണ്.
മലയാള ചിത്രം വെള്ളാനകളുടെ നാട് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് 'ഖാട്ട മീത്ത' എന്ന ചിത്രത്തിലൂടെ ആയിരുന്നു അത്. മലയാളത്തില്‍ ശോഭന ചെയ്ത കഥാപാത്രമായിരുന്നു ഹിന്ദിയില്‍ ഞാന്‍ ചെയ്തത്. മോഹന്‍ലാലിന്റെ കഥാപാത്രം അക്ഷയ് കുമാറും ചെയ്തു. എന്റെ കരിയറില്‍ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് പ്രിയദര്ശന് സാർ''- തൃഷ പറയുന്നു.
നിവിന്‍ പോളിയുടെ നായികയായി ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെ 2018 ലാണ് തൃഷ മലയാളത്തില്‍ ആദ്യം അഭിനയിക്കുന്നത്. അതുവരെ തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങി നില്‍ക്കുകയായിരുന്നു. മലയാളത്തിലേക്കുള്ള അരങ്ങേറ്റം ലേശം വൈകിയെങ്കിലും പതിനെട്ട് വര്‍ഷത്തോളമായി നായികയായി തിളങ്ങി നില്‍ക്കുകയാണ് തൃഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.