മുതിർന്ന തമിഴ് നടൻ വിജയകുമാറിന്റെ മകളും നടിയുമായ വനിതാ വിജയകുമാർ പലപ്പോഴും വിവാദങ്ങളിൽ ചെന്നു ചാടാറുണ്ട്. കുടുംബാംഗങ്ങളുമായുള്ള വനിതയുടെ തർക്കങ്ങൾ മുന്പ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. നയൻതാരയെപ്പറ്റി വനിത നടത്തിയ പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
ഈ അടുത്ത കാലത്താണ് നടി മൂന്നാമതും വിവാഹിതയായത്. വിഷ്വൽ എഫക്ട്സ് ഡയറക്ടറായ പീറ്റർ പോളിനെയാണ് നടി വിവാഹം കഴിച്ചത്. വിവാഹത്തിനുശേഷവും വിവാദങ്ങൾക്ക് പഞ്ഞമുണ്ടായില്ല. വിവാഹത്തിനെതിരെ പീറ്ററിന്റെ മുൻഭാര്യ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെ ഈ വിഷയം ഏറ്റെടുത്ത് നടി ലക്ഷ്മി രാമകൃഷ്ണനും രംഗത്തെത്തി. തന്റെ കുടുംബകാര്യങ്ങളിൽ ഇടപെടാൻ ലക്ഷ്മിക്കെന്താണവകാശം എന്നായിരുന്നു വനിതയുടെ നിലപാട്. പീറ്ററിന്റെ ആദ്യഭാര്യ സഹായം തേടി തന്നെ സമീപിച്ചിരുന്നുവെന്നും നിയമപരമായി നീങ്ങാൻ എല്ലാ സഹായവും ചെയ്യാമെന്ന് താൻ വാക്കു നൽകിയെന്നും ലക്ഷ്മി പറഞ്ഞു.
ഒരു ഓൺലൈൻ മാധ്യമത്തിന്റെ അഭിമുഖത്തിൽ പങ്കെടുത്ത ഇരുവരും പരസ്പരം ശകാരങ്ങൾ ചൊരിയുകയും അഭിമുഖം ഇടയ്ക്കുവച്ച് നിർത്തി ലക്ഷ്മി പോവുകയും ചെയ്തു. അഭിമുഖത്തിന്റെ റിലീസിനുശേഷം ലക്ഷ്മി രാമകൃഷ്ണനു പിന്തുണയുമായി നടി കസ്തൂരിയും രംഗത്തു വന്നിരുന്നു.
ഇപ്പോൾ ട്വിറ്ററിൽ ലക്ഷ്മി രാമകൃഷ്ണനെ ടാഗ് ചെയ്തുകൊണ്ടുള്ള വനിതയുടെ പോസ്റ്റ് ആണ് പുതിയ വിവാദത്തിനു വഴിതെളിച്ചത്. നയൻതാരയെ വിവാദത്തിലേക്കു വലിച്ചിഴച്ചുകൊണ്ടാണ് വനിത ട്വീറ്റ് ചെയ്തത്.
നയൻതാര പ്രഭുദേവയ്ക്കൊപ്പം താമസിച്ചപ്പോൾ പ്രഭുദേവയുടെ ഭാര്യയും മൂന്നു കുട്ടികളുടെ അമ്മയുമായ റംലത്ത് സഹായത്തിനായി കോടതിയേയും മാധ്യമങ്ങളേയും സമീപിച്ചപ്പോൾ താങ്കൾ എവിടെയായിരുന്നുവെന്നാണ് ട്വിറ്ററിൽ ലക്ഷ്മിയെ ടാഗ് ചെയ്തു കൊണ്ട് വനിത ചോദിച്ചത്.
നയൻതാരയെപ്പറ്റി മോശമായി പരാമർശിച്ചുവെന്നാരോപിച്ച് നയൻതാരയുടെ ആരാധകർ സോഷ്യൽ മീഡിയയയിൽ വൻ ആക്രമണമാണ് വനിതയ്ക്കെതിരെ നടത്തിയത്. വലിയ ആരാധകവൃന്ദമുള്ള നയൻതാരയെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് വനിതയെ സംബന്ധിച്ച് വടി കൊടുത്ത് അടി വാങ്ങിയതുപോലെയായി. സൈബർ ആക്രമണം രൂക്ഷമായതോടെ വനിതയ്ക്ക് സ്വന്തം ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടി വന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.