പ്രശസ്ത തമിഴ് സീരിയൽ താരം വി.ജെ ചിത്രയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ചെന്നൈയിലെ ഒരു ഹോട്ടലിൽ നിന്നാണ് ചിത്രയുടെ മൃതദേഹം കണ്ടെടുത്തത്. ഷൂട്ടിംഗ് നടക്കുന്നതിനിടെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് നടിയെ കണ്ടെത്തിയത്. നടിയുടെ മരണത്തിൽ പോലീസും ദുരൂഹത ആരോപിക്കുന്നുണ്ട്.
തമിഴ് സീരിയൽ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് പുലർച്ചെ ഹോട്ടലിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ബിസിനസുകാരനും പ്രതിശ്രുത വരനുമായിരുന്ന ഹേമന്ദിനെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. കുറച്ച് മാസങ്ങൾക്ക് മുന്പാണ് ചിത്രയും ഹേമന്ദും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്.
ഇത്തവണ ഷൂട്ടിംഗിനെത്തിയപ്പോൾ നസ്റത്ത് പേട്ടൈയിലെ ഹോട്ടലിൽ ഹേമന്ദിനൊപ്പമായിരുന്നു ചിത്ര താമസിച്ചിരുന്നത്. പ്രതിശ്രുത വരനായ ഹേമന്ദുമായി എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന് പരിശോധിച്ച് വരികയാണ് പോലീസ്. നടിയുടെ മാതാപിതാക്കളിൽ നിന്നും ഇതിനകം മൊഴി ശേഖരിച്ചിട്ടുണ്ട്.
പുലർച്ചെ ഒരുമണിയോടെ ഹോട്ടലിലെത്തിയ ശേഷം കുളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് മുറിയിൽ കയറിയ ചിത്ര പുറത്തിറങ്ങാതായതോടെയാണ് ഹേമന്ദ് ഹോട്ടൽ ജീവനക്കാരെ വിവരമറിയിച്ചത്. തുടർന്ന് ജീവനക്കാരെത്തി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഷൂട്ടിംഗ് നടക്കുന്പോഴും ഹോട്ടലിലേക്ക് മടങ്ങുന്പോഴും ചിത്ര സന്തോഷത്തിലായിരുന്നുവെന്നാണ് സീരിയലിന്റെ അണിയറ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നത്. ലൊക്കേഷനിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും ഇവർ പറയുന്നു. ലൊക്കേഷനിൽ നിന്നും സന്തോഷത്തോടെ മടങ്ങി മണിക്കൂറുകൾക്കുള്ളിലാണ് മരണവാർത്തയും പുറത്തുവരുന്നത്. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് ചിത്ര ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.