ചേർത്തല: വിദ്യാലയ മുറ്റത്ത് കുട്ടികളുടെ നേതൃത്വത്തിൽ നൂറ് മേനി വിളഞ്ഞ ചീരകൃഷിയുടെ വിളവെടുപ്പ് നടന്നു. അയ്യപ്പഞ്ചേരി ഗവ.എൽപി സ്കൂളിൽ കാർഷിക ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളും അധ്യാപകരും പിടിഎയും ചേർന്നായിരുന്നു കൃഷി ഇറക്കിയത്.
മികച്ച കർഷകൻ കൂടിയായ അധ്യാപകൻ ജയിംസ് തന്റെ തോട്ടത്തിലെ വ്ലാത്താങ്കര ഇനത്തിൽപ്പെട്ട ചീരത്തൈകൾ എത്തിച്ചു നൽകി. കുട്ടികൾ അത് നട്ടു. കോഴിക്കാഷ്ഠം, ഗോമൂത്രം എന്നീ ജൈവവള പ്രയോഗവും വെള്ളവും സ്കൂൾ മുറ്റത്തെ നല്ല സൂര്യപ്രകാശവും കൂടി ആയപ്പോൾ സ്കൂളിന്റെ ക്ഷര മുറ്റത്ത് നട്ട് 25 -ാം ദിവസം ചീര തലയെടുപ്പോടെ വിളവെടുപ്പിന് തയാറായി വളർന്നു. വിളവെടുത്ത ചീരയുടെ തോരൻ സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ പ്രധാന വിഭവമായി കുട്ടികൾക്കും നൽകി.
കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗം സുമാദേവി, പ്രഥമാധ്യാപിക ടി.ജെ. ജയശ്രീ, പിടിഎ പ്രസിഡന്റഅ ബിജുമോൻ, മദർ പിടിഎ പ്രസിഡന്റ് ശ്രീദേവി, സ്റ്റാഫ് സെക്രട്ടറി പി.എക്സ്. സെബാസ്റ്റ്യൻ എന്നിവര്‍ പ്രസംഗിച്ചു.