എടത്വ: ഫാക്ടംഫോസിന്റെ വില കുറച്ചതോടെ പുലിവാൽ പിടിച്ച് സഹകരണ സംഘങ്ങള്‍. പഴയ വിലയ്ക്ക് വാങ്ങിയ ഫാക്ടംഫോസിന്റെ വില കുറച്ചാല്‍ കനത്ത നഷ്ടം നേരിടുമെന്ന് ഭരണ സമതികള്‍.
എല്ലാ വര്‍ഷവും കൃഷിസീസണില് ഫാക്ടംഫോസിന്റെ വില കൂടുകയോ കുറയുകയോ ചെയ്യുന്നത് പതിവാണ്. ഇതറിഞ്ഞതിനു ശേഷമാണ് സംഘങ്ങള്‍ വളം സ്റ്റോക്ക് ചെയ്യുന്നത്. ഈ വര്‍ഷം നവംബര്‍ മാസമായിട്ടും വിലവ്യത്യാസം ഇല്ലാഞ്ഞതിനാല്‍ സംഘങ്ങള്‍ വളം ആവശ്യത്തിന് വാങ്ങി ഗോഡൗണില്‍ സ്റ്റോക്ക് ചെയ്തിരുന്നു. എടുക്കുന്ന മുഴുവന്‍ വളത്തിനും എഫ്എസിറ്റിക്ക് മുന്‍കൂറായി പണം അടയ്ക്കുകയാണ് പതിവ്.
പണം മുന്‍കൂറായി അടച്ചാണ് ഫാക്ടംഫോക്സ് സ്റ്റോക്ക് ചെയ്തത്. വളം എത്തിയതിനുശേഷമാണ് മുന്നറിയിപ്പുമില്ലാതെ ഫാക്ടംഫോസിന്റെ വില 2150 രൂപയില്‍നിന്നും 1850 രൂപയായി കുറച്ചത്. ഇതോടെ പുതുക്കിയ വിലയില്‍ കൊടുക്കാന്‍ സംഘങ്ങള്‍ നിര്ബന്ധിതാരായിക്കുകയാണ്. പല സംഘങ്ങളിലും 100 ചാക്കുകള്‍ ഇപ്പോഴും സ്റ്റോക്കുണ്ട്.
പുതിയ വിലയില്‍ വിറ്റാല്‍ ഒരു ചാക്കിന് 300 രൂപയുടെ നഷ്ടം സഹിക്കേണ്ടിവരും. 100 ചാക്ക് സ്റ്റോക്കുള്ള ഒരു സംഘത്തിന് 30,000 രൂപ നഷ്ടം സഹിക്കേണ്ടിവരുന്നതായി ഭരണസമിതികള്‍ ചൂണ്ടിക്കാട്ടുന്നു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കുട്ടനാട്ടിലെ സംഘങ്ങള്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്ന് കൊടുപ്പുന്ന സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.വി. തങ്കച്ചന് പറഞ്ഞു.