ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതീ ക്ഷേത്രത്തില്‍ പൊങ്കാലയോടനുബന്ധിച്ച് കാര്‍ത്തിക സ്തംഭം കത്തിക്കല്‍ ചടങ്ങ് നടന്നു. തിന്മയ്ക്കുമേല് നന്മ ആധിപത്യം പുലര്‍ത്തുമെന്ന വിശ്വാസത്തിലാണ് സ്തംഭം കത്തിക്കൽ ചടങ്ങ് നടത്തുന്നത്. ദേവിക്ക് ഒരുവര്‍ഷം കിട്ടിയ ഉടയാട, വാഴക്കച്ചി, തെങ്ങോല, പടക്കം എന്നിവ കവുങ്ങിന് തടിയില്‍ ചുറ്റിയാണ് കാര്‍ത്തികസ്തംഭം ഒരുക്കിയത്. ദേവിയെ മണ്ഡപത്തിലേക്കെഴുന്നള്ളിച്ച് കിഴക്കോട്ടഭിമുഖമായി ഇരുത്തിയശേഷം ഭക്തരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. തുടര്‍ന്ന് ക്ഷേത്ര പരിസരത്ത് ലക്ഷദീപം തെളിച്ചു.
സ്തംഭം കത്തിക്കലിനു മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനം വര്‍ഗീസ് മാമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി അധ്യക്ഷത വഹിച്ചു. മുഖ്യകാര്യദര്‍ശി രാധാകൃഷണന് നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി.
ക്ഷേത്ര മേല്‍ശാന്തി അശോകന് നമ്പൂതിരി മംഗളാരതി സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാര്‍, തലവടി പഞ്ചായത്ത് അംഗങ്ങളായ അജിത്ത് പിഷാരത്ത്, ഗോകുല്‍ ഗോപാലകൃഷ്ണന്, എബിഎഎസ്എസ് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.ഡി. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.