ചാരുംമൂട്: നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തോടനുബന്ധിച്ച് നൂറനാട് സ്വദേശിയും ചിത്രകാരനുമായ രാജീവ് കോയിക്കൽ ഒരുക്കിയ നൂറനാടിന്റെ നൂറുമുഖങ്ങൾ എന്ന മെഗാ ചിത്രപ്രദർശനം ശ്രദ്ധേയമായി. അഡോൺ ആർട്സും സപര്യ പടനിലവും സംയുക്തമാണ് ചിത്ര പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
നൂറനാടിന്റെ വിവിധ മുഖങ്ങൾ ഒരൊറ്റ ഫ്രെയിമിൽ എന്ന ആശയത്തിലൊരുക്കിയ ചിത്രങ്ങൾക്കൊപ്പം, പ്രാദേശിക ശില്പികൾ നിർമിച്ച നന്ദികേശ ശിരസുകളും പ്രദർശനത്തിലെ പ്രധാന ആകർഷണമാണ്. രാജീവ് കോയിക്കൽ വരച്ച വിവിധ മേഖലകളിലുള്ള 350 ഓളം പേരുടെ ഛായാ ചിത്രങ്ങൾ കൂടാതെ കുട്ടികൾ മുതൽ മുതിർന്നവർ വരെ വരച്ച 150 ഓളം പെയിന്റിംഗുകളും പ്രദർശനത്തിലുണ്ട്. നിരവധിപ്പേർ പ്രദർശനം കാണാൻ എത്തുന്നുണ്ട്.
എം.എസ്. അരുൺകുമാർ എംഎൽഎ, നാടക രചയിതാവ് ഫ്രാൻസിസ് ടി. മാവേലിക്കര, ചലച്ചിത്ര സംവിധായകൻ കണ്ണൻ താമരക്കുളം, ചലച്ചിത്രനടി കുടശനാട് കനകം തുടങ്ങിയവർ കഴിഞ്ഞ ദിവസം പ്രദർശനം കാണാൻ എത്തിയിരുന്നു. പ്രദർശനം 28 ന് സമാപിക്കും.