തുറവൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പട്ടണക്കാട് മഹാദേവക്ഷേത്രത്തിൽ നടന്ന കവർച്ചാ കേസിൽ ആസാം സ്വദേശികളായ രണ്ടുപേരെ പട്ടണക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. ആസാം നാഗോൺ ജില്ലയിലെ കുവരിട്ടോൽ ബോരെ മസ്ജിദ് ജയന്തിപുർ സ്വദേശി സുഹൈൽ അലി (19), ടിൻസുകിയ ജില്ലയിലെ ദുംദുമ ഗാവോൻ സ്വദേശി അസൽ അലി (30) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
എറണാകുളം, ഇടുക്കി ജില്ലകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ സാഹസികമായാണ് പൊലിസ് വലയിലാക്കിയത്. കഴിഞ്ഞ ഒക്ടോബർ 27ന് പുലർച്ചെയായിരുന്നു കവർച്ച നടന്നത്. ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത പ്രതികൾ മുപ്പതിനായിരം രൂപയോളം കവർന്ന ശേഷം കടന്നുകളയുകയായിരുന്നു. കവർച്ചയ്ക്കു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിവിൽപ്പോയ പ്രതികൾക്കായി പൊലിസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു. പ്രതികളെക്കുറിച്ച് യാതൊരു തുമ്പുമില്ലാതിരുന്ന കേസിൽ സമാനരീതിയിൽ മുൻപ് നടന്ന കവർച്ചകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് വഴിത്തിരിവായത്.
സിസിടിവി ദൃശ്യങ്ങളും സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള വിവരശേഖരണവും വഴി പ്രതികൾ എറണാകുളം, ഇടുക്കി ജില്ലകളിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തുകയും തുടർന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചേർത്തല ഡിവൈഎസ്പി എസ്. മഞ്ജുലാലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ കുടുക്കിയത്.