എടത്വ: കോണ്‍ക്രീറ്റ് ചെയ്ത് രണ്ടു ദിവസത്തിനകം താഴ്ന്നു. എടത്വ-നീരേറ്റുപുറം സംസ്ഥാനപാതയില്‍ വീണ്ടും അപകടക്കുഴി രൂപപ്പെട്ടു. ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി വെള്ളക്കിണര്‍ ജംഗ്ഷന് സമീപം കോണ്‍ക്രീറ്റ് ചെയ്ത് അടച്ച കുഴിയാണ് വീണ്ടും താഴ്ന്നത്. കുട്ടനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടിയതിനെത്തുടര്‍ന്ന് രൂപപ്പെട്ട കുഴി അറ്റകുറ്റപ്പണികള്‍ക്കുശേഷം കോണ്‍ക്രീറ്റ് ചെയ്ത് അടച്ചിരുന്നു.
എന്നാല്‍, ഭാരവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നുപോയതോടെ കോണ്‍ക്രീറ്റ് താഴ്ന്ന് വീണ്ടും വലിയ കുഴി രൂപപ്പെടുകയായിരുന്നു. വാഹനങ്ങള്‍ അടുത്തെത്തിയ ശേഷമാണ് കുഴി ശ്രദ്ധയില്‍പ്പെടുന്നത്.
ഇതോടെ ഡ്രൈവര്‍മാര്‍ പെട്ടെന്ന് വാഹനം വെട്ടിച്ചുമാറ്റേണ്ട സാഹചര്യമാണുള്ളത്. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അപകടഭീഷണിയും നിലനില്ക്കുന്നു. അപകടം സംഭവിക്കുന്നതിന് മുമ്പ് കുഴി ശാസ്ത്രീയമായി നികത്തി റോഡ് സുരക്ഷിതമാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപെടുന്നത്.