നിലമ്പൂര്‍: പണപൊയില്‍ അങ്കണവാടിയിലെ വാട്ടര്‍ ടാങ്കില്‍ ഹാര്‍പ്പിക്ക് കലര്‍ത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്. നിലമ്പൂര്‍ എസ്എച്ച്ഒ കെ.എം. അര്‍ഷദിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും സംഭവത്തിലെ കുറ്റവാളികളെ ഉടന്‍ കണ്ടെത്തുമെന്നും പൊലിസ് ഉറപ്പുനല്‍കി.
അങ്കണവാടിയിലെത്തിയ പൊലിസ് സംഘം ജീവനക്കാരില്‍നിന്നും അമ്മമാരില്‍നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അന്വേഷണത്തിലെ മെല്ലെപ്പോക്കില്‍ അമ്മമാര്‍ തങ്ങളുടെ ശക്തമായ പ്രതിഷേധം പൊലിസിനെ അറിയിച്ചു. കഴിഞ്ഞ 31നാണ് പണപൊയില്‍ അങ്കണവാടിയിലെ വാട്ടര്‍ ടാങ്കില്‍ ഹാര്‍പ്പിക്ക് കലര്‍ത്തിയ നിലയില്‍ കണ്ടെത്തിയത്. 15 ദിവസമായിട്ടും കുറ്റക്കാരെ കണ്ടെത്താന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് അമ്മമാര്‍ കുട്ടികളെ അങ്കണവാടിയിലേക്ക് വിട്ടിരുന്നില്ല.
കഴിഞ്ഞ ദിവസം സംസ്ഥാന ഭക്ഷ്യ കമ്മീഷന് അംഗം വി. രമേശന് സ്ഥലത്തെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. പൊലിസ് അന്വേഷണം ഊര്‍ജിതമാക്കാന്‍ ഡിജിപിക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രതിഷേധവുമായി സിപിഎമ്മും രംഗത്തെത്തിയിരുന്നു.ചാലിയാര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും മന്ത്രി പി.കെ. ബഷീറും വിഷയത്തില്‍ ഇടപെടുകയും കുറ്റക്കാരെ അടിയന്തരമായി കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് പൊലിസ് അന്വേഷണം വേഗത്തിലാക്കിയത്.
പ്രശ്നത്തില്‍ സത്യം കണ്ടെത്തും വരെ പ്രതിഷേധം തുടരുമെന്നാണ് അമ്മമാര്‍ പറയുന്നത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ആഭ്യന്തര മന്ത്രി, ജില്ലാ കളക്ടര്‍, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കാനും ഇവര്‍ ഒരുങ്ങുകയാണ്. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തത് പൊലിസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫിസും വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തിയിരുന്നു. അമ്മമാരും മാധ്യമങ്ങളും നടത്തിയ ഇടപെടലുകളാണ് വൈകിയാണെങ്കിലും വിഷയം സജീവമാകാനും അന്വേഷണം ഊര്ജിതമാകാനും ഇടയാക്കിയത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോണിക്കടവന്‍ ഷൗക്കത്ത്, സ്ഥിരംസമിതി അധ്യക്ഷന്‍ മഞ്ജു അനില്‍, വാര്‍ഡ് അംഗം സുന്ദരന്‍, പഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ കാട്ടുമുണ്ട, നസീമ, പ്രവീണ എന്നിവരും അങ്കണവാടിയിലെത്തിയിരുന്നു. എസ്എച്ച്ഒക്കൊപ്പം സീനിയര്‍ പൊലിസ് ഓഫിസര്‍ കെ.ടി. ഷംസുദ്ദീന് ഉള്‍പ്പെടെയുള്ളവരും സംഘത്തിലുണ്ടായിരുന്നു.