എരുമേലി: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് എരുമേലി വലിയ അമ്പലത്തിനു സമീപം പൊലിസ് സ്ഥാപിച്ചിരിക്കുന്ന മോഷ്ടാക്കളുടെ പേരും ചിത്രങ്ങളും അടങ്ങിയ ബോർഡ് ശ്രദ്ധേയമാകുന്നു.
പലരും ഇത് മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. മുൻകാല ശബരിമല സീസണുകളിൽ പൊലിസ് പിടികൂടിയ മോഷ്ടാക്കളുടെ ചിത്രങ്ങളാണ് ബോർഡിൽ. ഇവർ തീർഥാടക വേഷത്തിൽ ഇത്തവണയും എത്താമെന്നാണ് ബോർഡിലൂടെ പൊലിസ് മുന്നറിയിപ്പ് നൽകുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഉൾപ്പടെ വിവിധ ഭാഷകളിലാണ് ബോർഡ്.
ഭക്തർ ഏറെ എത്തുന്ന കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഉൾപ്പടെ ചിത്രങ്ങൾ പൊലിസ് സ്ഥാപിച്ചിട്ടുണ്ട്. ചുറ്റുമുള്ളവരിൽ ഈ മുഖങ്ങൾ കണ്ടാൽ പൊലിസിൽ അറിയിക്കണമെന്ന് ബോർഡിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബന്ധപ്പെടാൻ എരുമേലി പൊലിസിന്റെയും കൺട്രോൾ റൂമിന്റെയും നമ്പറുകളും ബോർഡിലുണ്ട്.