തൃശൂർ: കൊട്ടേക്കാട് മുണ്ടൂർ റോഡിലെ ചെമ്പിശേരി മേൽപാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ഗതാഗതം പൂർണമായും നിരോധിച്ചതോടെ പ്രദേശവാസികളും സ്ഥിരംയാത്രക്കാരും ദുരിതത്തിലായി. മുന്നറിയിപ്പില്ലാതെ പാലം അടച്ചതും സ്വകാര്യ ബസുകൾ റൂട്ട് മാറ്റിയതുമാണ് ജനങ്ങളെ വലയ്ക്കുന്നത്.
പാലത്തിന് മുകളിലെ ടാറിംഗ് പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ വാഹന ഗതാഗതം നിരോധിച്ചതായും വാഹനങ്ങൾ കുറ്റൂർ എംഎൽഎ റോഡ് വഴി തിരിഞ്ഞുപോകണമെന്നുമാണ് പുഴയ്ക്കൽ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനിയറുടെ അറിയിപ്പ്. എന്നാൽ ഇതോടെ പാമ്പൂർ, വലിയപറമ്പ്, ആട്ടോർ മേഖലകളിലെ ജനങ്ങൾക്ക് പൊതുവാഹന സൗകര്യം പൂർണമായും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. നിരവധിപേരാണ് റോഡ് അടച്ചുകെട്ടിയത് അറിയാതെ ഇവിടേക്ക് ബസ് കാത്തുനിൽക്കുന്നതും പാലംവരെ വന്ന് മടങ്ങിപ്പോകുന്നതും.
കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ പാലത്തിലൂടെ ചെറിയ വാഹനങ്ങൾ കടത്തിവിട്ടിരുന്നു. നിലവിൽ എല്ലാ വാഹനങ്ങളും നിരോധിച്ചത് ഏറെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുവെന്നാണ് പരിസരവാസികൾ പറയുന്നത്.
തൃശൂർ ഭാഗത്തേക്കുള്ള പോക്കും വരവും സ്വകാര്യ ബസുകൾ കുറ്റൂർ വഴി മാത്രമായി ചുരുക്കിയതോടെ വിദ്യാർഥികൾ ഉൾപ്പടെയുള്ള സാധാരണക്കാരാണ് ഏറ്റവുമധികം കഷ്ടപ്പെടുന്നത്. അമല ആശുപത്രി ഉൾപ്പടെയുള്ള പ്രധാന കേന്ദ്രങ്ങളിലേക്കുള്ള എളുപ്പവഴികൂടിയാണ് ഇതോടെ തടസപ്പെട്ടത്.
ബദൽ വഴികളിലും കുരുക്ക്
കുറ്റൂർ എംഎൽഎ റോഡിനു പുറമേ കോലഴി പോട്ടോർ വഴിയും വാഹനങ്ങൾ തിരിച്ചുവിടുന്നുണ്ടെങ്കിലും റെയിൽവേ ഗേറ്റിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് സമയവും ഇന്ധനവും നഷ്ടമാകുന്നതായി യാത്രക്കാർ പരാതിപ്പെടുന്നു.
മുന്പ് പാലം നിർമാണത്തിനായി വർഷങ്ങളോളം ഗതാഗതം തിരിച്ചുവിട്ട ഘട്ടത്തിൽ ബസുകൾ പാമ്പൂർ വഴി സർവീസ് നടത്തിയിരുന്നു. സമാനമായ രീതിയിൽ ഇപ്പോഴും സ്വകാര്യ ബസുകൾ പാമ്പൂർ വഴി തിരിച്ചുവിടണമെന്നും, സ്വകാര്യ വാഹനങ്ങൾ മാത്രം കുറ്റൂർ വഴി കടത്തിവിട്ടാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.