കാക്കനാട്: തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽ നിന്നും സൈനിക മാതൃകയിൽ ഡിഫൻസ് മാസ്റ്റർ ട്രെയിനർ പരിശീലനം പൂർത്തിയാക്കിയ എറണാകുളം ജില്ലയിൽ നിന്നുള്ള നാല് സിവിൽ ഡിഫൻസ് വളന്റിയർമാർ ഇനി ദുരന്തമുഖങ്ങളിൽ സേവനം നൽകും.
സിവിൽ ഡിഫൻസ് ഡെപ്യൂട്ടി ഡിവിഷണൽ വാർഡൻ പി.എം. മാഹിൻകുട്ടി, ആർ. അജയകുമാർ, ഇ.ആർ. റെനീഷ്, എൻ.എൻ. നിഖിൽ എന്നിവർക്കാണ് ഇന്ത്യൻ കരസേനയുടെ 12 മദ്രാസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പട്ടാള മാതൃകയിൽ പരിശീലനം ലഭിച്ചത്.
സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 50 അംഗങ്ങളാണ് തിരുവനന്തപുരം പാങ്ങോടുള്ള സൈനിക കേന്ദ്രത്തിൽ നിന്നും പരിശീലനം പൂർത്തിയാക്കിയത്.
ഡ്രോൺ ആക്രമണ പ്രതിരോധം, രാസ-ജൈവ-ആണവ (സിബിആർഎൻ) സുരക്ഷ, അടിയന്തര ആശയ വിനിമയ സംവിധാനങ്ങൾ, സൈബർ സുരക്ഷ, അടിയന്തര വൈദ്യസഹായം എന്നിവയിലായിരുന്നു പരിശീലനം.