കായംകുളം: മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. കായംകുളം കൃഷ്ണപുരം സ്വദേശികളായ മത്തി ആഷിഖ് എന്ന ആഷിഖ് (26), അൻഷാദ് (31), ഓച്ചിറ വവ്വാക്കാവ് സ്വദേശി ബിൻഷാദ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മൂവർക്കും എതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലിസ് പറഞ്ഞു.
കായംകുളം പൊലിസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ് ഒന്നാം പ്രതിയായ ആഷിഖ്. കഴിഞ്ഞ ദിവസം രാത്രി ഒന്പതോടെ ഓച്ചിറ ക്ഷേത്രത്തിലെ പന്ത്രണ്ട് വിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് അമ്യൂസ്മെന്റ് കാർണിവൽ നടക്കുന്ന സ്ഥലത്താണ് സംഭവം. കാർണിവൽ മാനേജരായ തിരുവല്ലം സ്വദേശി ഇബ്രാഹിമിനെയും മറ്റ് ജീവനക്കാരെയും ഇവർ സംഘം ചേർന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
പണം നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും മർദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യ്തു. വിവരം അറിഞ്ഞ ഉടൻ സ്ഥലത്ത് എത്തിയ പൊലിസ് പ്രതികളെ സംഭവസ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.
ഓച്ചിറ എസ്എച്ച്ഒ അഭിജിത്തിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ജയരാജ പണിക്കർ, അനിൽകുമാർ, സുമേഷ്, സിപിഒ മാരായ വൈശാഖ്, ദീപ്സൺ എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.