കണ്ണൂർ: ഇന്ധനക്ഷമത കുറക്കുന്ന ഇ-20 പെട്രോൾ നയം പുന:പരിശോധിക്കണമെന്ന് മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (എഐടിയുസി) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ ഇപ്പോൾ നിർബന്ധമാക്കിയ എഥനോൾ വിതരണത്തിലൂടെ 10 മുതൽ 30 ശതമാനം വാഹനത്തിന്റെ ഇന്ധനക്ഷമത കുറക്കുന്നുണ്ട്. 80 ശതമാനം പെട്രോൾ 20 ശതമാനം എഥനോൾ എന്ന നിലയിൽ ഉത്പാദിപ്പിക്കുന്ന ഇ-20 പെട്രോളിന് വിലകുറച്ചിട്ടുമില്ല.
മോട്ടോർ തൊഴിലാളി ഫെഡറേഷൻ-എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. ജയപാലൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. താവം ബാലകൃഷ്ണൻ, കെ.ടി. ജോസ്, കെ.വി. ബാബു, എൻ. പ്രസാദ്, എ. മഹീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ബസ് തൊഴിലാളിയായി സേവനമനുഷ്ഠിച്ച് പിരിഞ്ഞ യൂണിയൻ നേതാവ് കെ.പി. ചന്ദ്രന് സമ്മേളനം ആദരം നൽകി. ഭാരവാഹികൾ: സി.പി. സന്തോഷ് കുമാർ-പ്രസിഡന്റ്, താവം ബാലകൃഷ്ണൻ-ജനറൽ സെക്രട്ടറി, കെ.ടി. ജോസ്, വി.പി. സജീവൻ, രതീശ്, രാജീവൻ-വൈസ് പ്രസിഡന്റുമാർ, എൻ. പ്രസാദ്, കെ.വി. ബാബു, എ. മഹീന്ദ്രൻ, സി. പ്രദീപൻ-സെക്രട്ടറിമാർ, സി.കെ. സുധാകരൻ-ട്രഷറർ.