ചേർത്തല: വേമ്പനാട്ടുകായലിൽ തവണക്കടവ് ഭാഗത്ത് നടക്കുന്ന അശാസ്ത്രീയമായ ഡ്രഡ്ജിംഗിനെതിരേ മത്സ്യത്തൊഴിലാളികള് വള്ളങ്ങളിൽ കായലിലേക്ക് മാർച്ച് നടത്തി. മത്സ്യത്തൊഴിലാളി യൂണിയൻ-സിഐടിയു ചേർത്തല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം.
യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജന്റെ നേതൃത്വത്തിൽ അമ്പതോളം വള്ളങ്ങളിൽ കായലിലേക്ക് മാർച്ച് നടത്തിയ തൊഴിലാളികൾ ഡ്രഡ്ജിംഗ് നടക്കുന്ന സ്ഥലത്തെത്തി പ്രതിഷേധമുയർത്തി.
കായലിലെ ഡ്രഡ്ജർ വളയൽ സമരത്തിന് ശേഷം തിരികെ തവണക്കടവിലെത്തിയ പ്രവർത്തകർ പി.പി. ചിത്തരഞ്ജന്റെ നേതൃത്വത്തിൽ പ്രകടനമായി മണ്ണ് ശേഖരിക്കുന്ന യാഡിലേക്ക് നീങ്ങി. പ്രതിഷേധസൂചകമായി യാഡിൽ സിഐടിയുവിന്റെ കൊടി നാട്ടിയ ശേഷമാണ് പിരിഞ്ഞുപോയത്.
വേമ്പനാട്ടുകായലിലെ നീരൊഴുക്ക് വർധിപ്പിക്കാനും കുട്ടനാടിന്റെയും പരിസ്ഥിതിയുടെയും താത്പര്യം സംരക്ഷിക്കാനും ശാസ്ത്രീയമായ ഡ്രഡ്ജിംഗ് അനിവാര്യമാണെന്നത് മത്സ്യത്തൊഴിലാളി യൂണിയന്റെ തന്നെ ആവശ്യമാണെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ പറഞ്ഞു.
എന്നാൽ കുഫോസ് ഉൾപ്പെടെയുള്ള ഏജൻസികൾ നടത്തിയ പഠനങ്ങളുടെയും സർക്കാർ നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലുള്ള കൂട്ടായ ആലോചനകളിലൂടെ മാത്രമേ ഡ്രഡ്ജിംഗ് അനുവദിക്കാനാകൂ.
നിലവിൽ മാസങ്ങളായി തുടരുന്ന അശാസ്ത്രീയ ഡ്രഡ്ജിംഗ് മൂലം കായലിലെ മത്സ്യസമ്പത്തും കക്കാസമ്പത്തും പൂർണമായും നശിച്ച് തൊഴിലാളികൾ പ്രതിസന്ധിയിലായിരിക്കുകയാണ്.
മുൻപ് ട്രാവൻകൂർ സിമന്റിസിന്റെ കക്കാ ഡ്രഡ്ജിംഗിനെതിരേ നടന്ന ദീർഘകാല സമരത്തിനൊടുവിൽ കോടതി ഇടപെട്ട് ഖനനം തടഞ്ഞതാണ്. കക്കാവാരലും മത്സ്യബന്ധനവും നടത്തി ഉപജീവനം കഴിക്കുന്ന തീരദേശത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ ജീവന്മരണ പോരാട്ടമാണിതെന്നും ശാസ്ത്രീയ മാനദണ്ഡങ്ങൾ ലംഘിച്ചുള്ള ഖനനം ഒരു കാരണവശാലും അനുവദിക്കില്ലെന്നും പി.പി ചിത്തരഞ്്ജൻ പറഞ്ഞു. പി.ഐ. ഹാരിസ്, എൻ.ആർ. ബാബുരാജ്, ബി. വിനോദ്, പി. ഷാജിമോഹൻ, സി. ശ്യാംകുമാർ, പി.എസ്. ബാബു എന്നിവർ നേതൃത്വം നൽകി.