വടക്കഞ്ചേരി: രണ്ടാംവിള കൃഷിക്കായി ഒരുക്കം നടക്കുന്ന നെൽപ്പാടങ്ങളിലെല്ലാം ഇപ്പോൾ പഴയ സാരികളും പ്ലാസ്റ്റിക് ചാക്കുകളും നെറ്റുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
വിത്തുപാകി അതിനു ചുറ്റും സാരികൾ വലിച്ചുകെട്ടി നെൽചെടികൾക്ക് സംരക്ഷണം ഒരുക്കേണ്ട ഗതികേടിലാണ് കർഷകർ. രണ്ടാംവിള കൃഷിക്കായി ആയക്കാട് പാടശേഖരവും സാരിയുടുത്തും നെറ്റുകൾ കെട്ടിയും അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്.
കാട്ടുപന്നിയാണ് ഏറെ ശല്യക്കാർ. ഇവ കൂട്ടമായെത്തി ചെളിക്കണ്ടത്തിൽ ഉരുണ്ടുകളിച്ചും കുത്തിമറിച്ചും നെൽചെടികളെല്ലാം നശിപ്പിക്കും. മയിലുകളാണ് മറ്റൊരു ശല്യക്കാർ. പാകിയ നെല്ല് തിന്നുതീർത്താണ് ഇവ കർഷകരെ ബുദ്ധിമുട്ടിക്കുന്നത്.
ദേശാടന കൊക്കുകളുടെ വലിയ പടയും കർഷകരെ ദ്രോഹിക്കാൻ പാടങ്ങളിൽ എത്തുന്നുണ്ട്.
ഇത്തരത്തിൽ ചുറ്റും തുണി കെട്ടിയാൽ പന്നി, മയിൽ എന്നിവയുടെ ശല്യത്തിന് കുറവുണ്ടെന്നാണ് കർഷകർ പറയുന്നത്. പതിനഞ്ചും ഇരുപതും എണ്ണം വരുന്ന പന്നികൂട്ടങ്ങൾ രാത്രി കാലങ്ങളിൽ പാടങ്ങളിലെത്തി കൃഷി നശിപ്പിക്കും. പറമ്പുകളിലും വലിയ തോട്ടങ്ങളിലും ഇതു തന്നെയാണ് സ്ഥിതി.